Gulf
കൊറോണാ : സൗദിയിൽ മരിച്ചത് 850 ഇന്ത്യക്കാർ

ജിദ്ദ: കൊറോണാ വിപത്ത് ലോകത്തെങ്ങുമെന്ന പോലെ സൗദി അറേബ്യയിലും ഒഴിയാബാധയായി തുടരവേ മഹാമാരിയിൽ പ്രവാസ ദേശത്ത് ഇന്ത്യൻ സമൂഹത്തിന് തുണയായി ഇന്ത്യൻ എംബസിയും കോൺസുലേറ്റും നിദാന്ത ജാഗ്രതയോടെ രംഗത്തുണ്ടെന്ന പ്രഖ്യാപനമായി അംബാസഡർ ഡോ. ഔസാഫ് സഈദ്
ആനുകാലിക സംഭവ വികാസങ്ങളിൽ സൗദിയിലെ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പൊതുസമൂഹത്തോട് പത്രസമ്മേളനങ്ങളിലൂടെയും പൊതുപരിപാടിയിലൂടെയും സംവദിക്കുകയെന്നത് പതിവാക്കിയ ഡോ. ഔസാഫ് കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് വെച്ച് നടത്തിയ പത്രസമ്മേളനം കൊറോണാ മഹാമാരിയിൽ സൗദിയിലെ ഇന്ത്യൻ പൗരന്മാരുടെ അനുഭവങ്ങൾ സംബന്ധിച്ച വിവരങ്ങളുടെ ഏറ്റവും ഒടുവിലത്തെ പുതുക്കലായി.
മഹാമാരിയിൽ സൗദിയിൽ നിന്ന് നാട്ടിലെത്തിച്ച ഇന്ത്യക്കാരുടെ എണ്ണം രക്ഷാദൗത്യത്തിലെ സർവകാല റെക്കാർഡ് ആണ്. വർഷങ്ങൾക്ക് മുമ്പ് തൊഴിൽ, താമസ പ്രശ്നങ്ങളിൽ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് കാലത്തു പോലും എഴുപത്തി ഏഴായിരം പേരെ മാത്രമാണ് നാട്ടിലെത്തിക്കാനായത്. സാധാരണ രക്ഷാദൗത്യത്തെക്കാൾ അതിശ്രമകരമാണ് മഹാമാരിയിലെ രക്ഷാദൗത്യം. ക്വറന്റൈൻ, ആരോഗ്യ സ്ഥിതി ഉറപ്പാക്കൽ തുടങ്ങിയ ഒട്ടേറെ പ്രത്യേക കാര്യങ്ങൾ കൂടി ഉൾപ്പെടുന്നതാണു മഹാമാരിയിലെ രക്ഷാദൗത്യം. എന്നിട്ടും വമ്പിച്ച നേട്ടമാണ് ഇന്ത്യയ്ക്ക് കൈവരിക്കാനായതെന്ന് അംബാസഡർ വിവരിച്ചു.
കൊറോണാ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സൗദി ഉൾപ്പെടെ വിവിധ രാജ്യങ്ങൾ സിവിൽ വ്യോമയാനം നിർത്തിവെച്ചപ്പോൾ, വിദേശങ്ങളിൽ കുടുങ്ങി കഴിഞ്ഞ ഇന്ത്യക്കാരെ സ്വദേശത്ത് എത്തിക്കാനായി ഇന്ത്യ ഗവർമെന്റ് ഏർപ്പെടുത്തിയ വന്ദേഭാരത് ദൗത്യത്തിന്റെ ലേറ്റസ്റ്റ് അപ്‌ഡേഷൻ അംബാസഡർ വിവരിച്ചു. മെയ് മാസം മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലയളവിൽ വന്ദേഭാരത് മിഷനിലൂടെ സൗദിയിൽ നിന്ന് മാത്രം 2,32,556 ഇന്ത്യക്കാർ നാട്ടിലെത്തിയതായി അംബാസഡർ വിവരിച്ചു. മൊത്തം 1295 വിമാനങ്ങളിലായാണ് ഇത്രയും പേരെ ഇന്ത്യയുടെ വിവിധ വിമാനത്താവളങ്ങളിൽ എത്തിച്ചത്. ഇതിനായി 276 ഷെഡ്യൂൾ വിമാനങ്ങളും 1011 ചാർട്ടർ വിമാനങ്ങളും സർവീസ് നടത്തുകയുണ്ടായെന്നും അദ്ദേഹം തുടർന്നു.
അതുപോലെ, കൊറോണാ പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങി പോയ സൗദിയിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്നവരായ മലയാളികൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ സൗദിയിൽ തിരിച്ചെത്തിച്ചതായും ഡോ. ഔസാഫ് പറഞ്ഞു. ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യോമ ഉടമ്പടി പ്രകാരം എയർ ബബ്ൾ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയത്.
സൗദിയിൽ കൊറോണ ബാധിച്ച് ഇത് വരെ 850 ഇന്ത്യക്കാരുടെ ജീവനാണ് നഷ്ടമായതെന്ന് വെളിപ്പെടുത്തിയ അംബാസഡർ ഡോ. ഔസാഫ് സഈദ് ഇതാണ് ഏറ്റവും വേദനാജനകമായ അനുഭവമെന്ന് വിശേഷിപ്പിച്ചു.
താമസരേഖയുടെ കാലാവധി തീർന്നത്, ഒളിച്ചോട്ടം, മറ്റു നിയമവിരുദ്ധ അവസ്ഥകൾ എന്നിവ അനുഭവിക്കുകയായിരുന്ന ഇന്ത്യക്കാരെ പരമാവധി ആശ്വാസകരമായ അവസ്ഥയോടെ നിയമാനുസൃതമായി രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ റിയാദിലെ എംബസിയുടെയും ജിദ്ദയിലെ കോണ്സുലേറ്റിന്റെയും നേതൃത്വത്തിൽ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്.
ഇത്തരത്തിൽ പെടുന്ന മൊത്തം 3337 ഇന്ത്യക്കാരെ സൗദിയിലെ വിവിധ ഡീപോർട്ടേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിച്ചു. ഇനിയും നാലായിരം ഇന്ത്യക്കാർ എക്സിറ്റ് വിസ തേടി അവശേഷിക്കുന്നുണ്ടെന്നും അവരെയും നാട്ടിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദിയിലെ ഇന്ത്യൻ മിഷൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
അടുത്ത വർഷത്തെ ഹജ്ജ് ക്രമീകരണങ്ങൾ സംബന്ധിച്ച് ഇപ്പോഴേ തീരുമാനിക്കുന്നത് ഉചിതമായിരിക്കില്ലെന്ന് പറഞ്ഞ ഇന്ത്യൻ അംബാസഡർ അക്കാര്യം അന്നേരത്തെ സാഹചര്യമനുസരിച്ചായിരിക്കും സംവിധാനിക്കുകയെന്നും എന്നാൽ അതിനായുള്ള നീക്കങ്ങൾ തുടരുന്നതായും അറിയിച്ചു.
ഇത് സംബന്ധിച്ച് സഊദി ഹജ്ജ് – ഉംറാ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദനുമായി കഴിഞ്ഞ ഒക്ടോബർ 15 ന് നടത്തിയ ചർച്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ 19 ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഹാജിമാർക്കുള്ള ക്രമീകരണങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തുകയും ചെയ്തിരുന്നു. വിദേശ തീർത്ഥാടകരുടെ കാര്യങ്ങൾ നോക്കുന്ന സ്ഥാപനങ്ങളുമായി (മുഅസ്സസ) ആശയവിനിമയം പുരോഗമിക്കുകയാണ്.