Connect with us

Crime

പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യത്തെ അട്ടിമറിച്ച് എസ്എഫ്ഐ. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകർ

Published

on

തൃശൂർ: കേരളവർമ്മ കോളേജിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കെഎസ്‌യുവിന് തടയിടാൻ ശ്രമിച്ചവരാണ് കേരള വർമ്മയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഡിവൈഎഫ്ഐ നിലവാരമുള്ള മറ്റൊരു അദ്ധ്യാപകനുമെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
കഴിഞ്ഞ ദിവസം കോളേജിൽ അർദ്ധ രാത്രി വരെ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിലാണ് ചെയർമാനായി എസ്എഫ്ഐ സ്ഥാനാർത്ഥി അനിരുദ്ധ് വിജയം സ്വന്തമാക്കിയത്. ഇതിനെതിരെയാണ് വി.ഡി സതീശൻ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലച്ചെന്നും ആ സമയത്ത് ഇരച്ചുകയറിയ എസ്എഫ്ഐ ക്രിമിനലുകൾ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.റീകൗണ്ടിംഗിലാണ് 11 വോട്ട് ഭൂരിപക്ഷത്തിൽ സ്ഥാനാർത്ഥി അനിരുദ്ധന്‍ ജയിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. കേരള വർമ്മ കോളേജിന്‍റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കെഎസ്‌യു സ്ഥാനാർത്ഥി ജയിച്ചെന്ന വാർത്തയെത്തിയത്. ഇതോടെ ആവേശഭരിതരായ കെഎസ്‌യു പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു.പിന്നാലെ എസ്എഫ്ഐ റീ കൗണ്ടിംഗിന് ആവശ്യപ്പെട്ടു. റീകൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർത്ഥി 11 വോട്ട് ഭൂരിപക്ഷത്തിൽ ചെയർമാനായി ജയിക്കുകയായിരുന്നു. തുടർന്ന് പ്രഖ്യാപനവുമെത്തി. പൊളിറ്റിക്കൽ സയൻസിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ ശ്രീക്കുട്ടൻ കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിയാണ്. റീകൗണ്ടിംഗിൽ അട്ടിമറി നടന്നെന്ന് ആരോപണവുമായി കെഎസ്‌യു രംഗത്തെത്തുകയും കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.

വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളവർമ്മയിൽ ശ്രീകുട്ടൻ്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നു എസ്എഫ്ഐ. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും.എന്ത് കാരണത്താൽകെഎസ്‌യുവിന് ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ അതേ കാരണത്താൽ എസ്എഫ്ഐ വോട്ടുകൾ സാധുവാകുന്ന മായാജാലമാണ് കേരള വർമ്മയിൽ കണ്ടത്. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലച്ചു. ആ സമയത്ത് ഇരച്ചുകയറിയ എസ്എഫ്ഐ ക്രിമിനലുകൾ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കെഎസ്‌യുവിന് തടയിടാൻ ശ്രമിച്ചവരാണ് കേരള വർമ്മയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഡിവൈഎഫ്ഐ നിലവാരമുള്ള മറ്റൊരു അദ്ധ്യാപകനും. അദ്ധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓർത്തോളൂ.ശ്രീകുട്ടന്റേയും കെ.എസ്.യു വിന്റേയും പോരാട്ടം കേരള വർമ്മയുടെ ചരിത്രത്തലെ സമാനതകളില്ലാത്ത അദ്ധ്യായമാകും. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവൻ്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണ്. കെഎസ്‌യു പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ. പോരാട്ടം തുടരുക. കേരളം ഒപ്പമുണ്ട്.

Continue Reading