NATIONAL
ബീഹാറിൽ മഹാ സഖ്യവും എൻ.ഡി.എ യും ഒപ്പത്തിനൊപ്പം

പട്ന: ഫലം മാറിമറിയുന്ന ബിഹാർ ആര് ഭരിക്കുമെന്നത് സസ്പെൻസിലേക്ക്. തുടക്കം മുതൽ മഹാസഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് വോട്ടെണ്ണലിൽ കണ്ടത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 122 സീറ്റ് എന്ന മാന്ത്രിക സംഖ്യ ആര് നേടും എന്ന് ഉറപ്പ് പറയാനാകാത്ത നിലയിലാണ് ഇരു മുന്നണികളും മുന്നേറുന്നത്. തൂക്കുസഭയാണ് സംജാതമാകുന്നതെങ്കിൽ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ കർണാടകത്തിലും മധ്യപ്രദേശിലും കണ്ടതുപോലെ വിജയം കാണാനാണ് എല്ലാ സാധ്യതയും.
തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന സർവേകളിൽ ബിജെപിക്കും എൻഡിഎയ്ക്കും അനായാസ വിജയം പ്രവചിച്ച പല സർവെകളും എക്സിറ്റ് പോളുകളിൽ തിരുത്തുന്ന കാഴ്ച കണ്ടു. ചില ഏജൻസികൾ മഹാസഖ്യത്തിന് മഹാവിജയം പ്രഖ്യാപിച്ചപ്പോൾ മറ്റ് ഏജൻസുകളും മുൻതൂക്കം നൽകിയത് മഹാസഖ്യത്തിനായിരുന്നു. ആർക്കും ഭൂരിപക്ഷമില്ലാത്ത സഭയിൽ ചിരാഗ് പാസ്വാൻ നിർണായകമാകും. ഒരുപക്ഷേ അദ്ദേഹം കിങ്മേക്കറാവുകയാണെങ്കിൽ നിതീഷിന്റെ ഭാവി എന്താകും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയാൽ പിന്തുണക്കുമോ എന്നെല്ലാമുള്ള ചോദ്യങ്ങൾ നിൽക്കുന്നു
അതേ സമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 125 സീറ്റുകളിലെ ഫലമാണ് നിലവിൽ ലഭ്യമായത്. ഇതിൽ 56 സീറ്റുകളിലാണ് മഹാസഖ്യം മുന്നേറുന്നത്. ആർജെഡി 36, കോൺഗ്രസ് 13, സിപിഐ (എം.എൽ) 6, സിപിഎം ഒന്ന് എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ 63 സീറ്റുകളിൽ മുന്നേറുന്നുണ്ട്. ബിജെപി 33, ജെഡിയു 25 , വിഐപി 5 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്.