Connect with us

NATIONAL

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കാൻ നീക്കം തുടങ്ങി

Published

on

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡിന്റെ കരട് അവതരിപ്പിക്കാൻ സർക്കാർ ഉടൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുമെന്ന് റിപ്പോർട്ടുകൾ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി രൂപീകരിച്ച സമിതിയാണ് കരട് തയ്യാറാക്കിയത്.

സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള രണ്ട് ലക്ഷത്തിലധികം പേരുമായി സംസാരിച്ചതിന് ശേഷമാണ് സമിതി കരട് തയ്യാറാക്കിയത്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ അടക്കമുള്ള വ്യക്തിപരമായ കാര്യങ്ങളിൽ മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ലാത്ത പൊതു നിയമങ്ങൾ കൊണ്ടുവരികയെന്നതാണ് ഏകീകൃത സിവിൽ കോഡുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിക്കുന്ന കരട് ബില്ലിൽ ബഹുഭാര്യത്വം സമ്പൂർണമായി നിരോധിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നതായി വൃത്തങ്ങൾ അറിയിച്ചു. ലിവ് ഇൻ പങ്കാളികൾക്ക് അവരുടെ ബന്ധം രജിസ്റ്റർ ചെയ്യാനുള്ള വ്യവസ്ഥയും ഉണ്ടെന്നാണ് വിവരം.

ബിൽ പാസായാൽ സ്വത്തുക്കളിലും മറ്റും മകനും മകൾക്കും തുല്യമായ അവകാശം ലഭിക്കും. കഴിഞ്ഞ വർഷം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഏകീകൃത സിവിൽ കോഡ്. തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ വന്നതിന് പിന്നാലെ, ആദ്യ ക്യാബിനറ്റ് മീറ്റിംഗിൽ തന്നെ യുസിസിയുടെ കരട് തയ്യാറാക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുന്നതിന് ധാമി അനുമതി നൽകി.

Continue Reading