NATIONAL
പ്രീ വെഡിംഗ് ഷൂട്ടിനിടെ യുവാവും യുവതിയും നദിയിൽ മുങ്ങി മരിച്ചു

മൈസൂരു: വിവാഹത്തിന് മുന്നോടിയായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിനും യുവതിക്കും ദാരുണാന്ത്യം. കർണാടകയിലെ തലക്കാടിൽ കാവേരി നദിയിലാണ് ദുരന്തമുണ്ടായത്. കയ്തമാരണഹള്ളി സ്വദേശികളായ ചന്ദ്രു, ശശികല എന്നിവരാണ് മരിച്ചത്. നവംബർ 22-നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.
മൈസൂരു കൊട്ടാരത്തിലെ ചിത്രീകരണത്തിന് ശേഷമാണ് ഇവർ നദിക്കരയിലെത്തിയത്. ഷൂട്ടിംഗിനായി ഇറങ്ങിയപ്പോൾ ഇരുവരും കയറിയ ചെറുവള്ളം മുങ്ങിപ്പോകുകയായിരുന്നു.
ആദ്യം വള്ളത്തിൽ കയറിയത് യുവാവാണ്. പിന്നാലെ ഹൈ ഹീൽ ചെരുപ്പണിഞ്ഞ യുവതി വള്ളത്തിൽ കയറുന്നതിനിടെ നിലതെറ്റി വെള്ളത്തിൽ വീഴുകയായിരുന്നു. നീന്തൽ വശമില്ലാതിരുന്ന ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
പോലീസും മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേർന്ന് നാല് മണിക്കൂർ തെരച്ചിൽ നടത്തിയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇരുവരും ബന്ധുക്കൾക്കൊപ്പമാണ് ഷൂട്ടിംഗിന് എത്തിയത്.