Connect with us

Gulf

സൗഹൃദ സന്ദേശം ഉയർത്തിപ്പിടിച്ച് ഖത്തർ മലയാളി സമ്മേളനം സമാപിച്ചു

Published

on

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ “കാത്തുവെക്കാം സൗഹൃദ തീരം” എന്ന പ്രമേയത്തിൽ നടന്ന എട്ടാം ഖത്തർ മലയാളി സമ്മേളനം മഹത്തായ സൗഹൃദ സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് സമാപിച്ചു.

ആസ്പയർ സോൺ ലേഡിസ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ ഖത്തറിലെ നാനാതുറകളിൽ നിന്നും വൻജനാവലിയാണ് പങ്കെടുത്തത്.

ഉദ്ഘാടന സമ്മേളനം, ടീൻസ് ആൻഡ് പാരന്റ്സ് മീറ്റ്, ഫാമിലി മീറ്റ്, മീഡിയ സെമിനാർ, സമാപന സമ്മേളനം എന്നീ സെഷനുകളിലായി ഖത്തറിലെയും കേരളത്തിലെയും സാമൂഹിക സാംസ്കാരിക രാഷ്ട്രിയ മാധ്യമ രംഗങ്ങളിലുള്ള പ്രമുഖരാണ് സമ്മേളനത്തിൽ സംബന്ധിച്ചത്.

ഇന്ത്യൻ സമൂഹം ഇത്തരം ശക്തമായ ഇടപെടലുകൾ നടത്തുന്നത് പ്രശംസനീയമാണെന്ന് ഇന്ത്യൻ സ്ഥാനപതി H.E. വിപുൽ പ്രസ്താവിച്ചു. സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം നേടിയ സാമ്പത്തികവും സാംസ്ക്കാരികവുമായ നേട്ടങ്ങൾക്ക്‌ പിന്നിൽ പ്രവാസികളുടെ കയ്യൊപ്പ് ഉണ്ട് എന്ന് സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

കേരളത്തിന്റെ നന്മയെ ഒരുമിച്ച് നിർത്താൻ എല്ലാ രാഷ്ടിയ വ്യത്യാസവും മറക്കുന്ന സൗഹൃദമുണ്ടാകണമെന്ന് കെ മുരളിധരൻ എം.പിയും ജോൺ ബ്രിട്ടാസ് എം.പിയും അഭിപ്രായപ്പെട്ടു.

വേൾഡ് കപ്പിൽ ഖത്തർ പ്രസരിപ്പിച്ച മാനവികതയുടെ തുടർച്ചയാണ് ഈ സമ്മേളനമെന്ന് കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ജമാലുദ്ദിൻ ഫാറൂഖി കൂട്ടി ചേർത്തു.

സ്ത്രീപ്രാതിനിധ്യം കൊണ്ട്‌ ശ്രദ്ധേയമാണ് മലയാളി സമ്മേളനം; കേരള സ്ത്രീകളുടെ മാതൃകയാണ് കേരള സംസ്ക്കാരത്തെ നിർണ്ണയിച്ചത്. പറഞ്ഞു പഠിപ്പിക്കാതെ നിർമ്മിച്ചെടുക്കുന്നതാകണം സംസ്ക്കാരം എന്നും സമാപന ചടങ്ങിൽ സംസാരിച്ച ഡോ. മല്ലിക എം.ജി പറഞ്ഞു.

ഭയത്തിന്റെ രാഷ്ട്രിയത്തെ പ്രതിരോധിക്കാൻ കരുതലും സ്നേഹവുമാണ് വേണ്ടത്. കൊറോണയേക്കാൾ മാരകവൈറസാണ് പകയും വിദ്വേഷവും. നല്ല വാക്സിൻ കരുതലും സ്നേഹവും തന്നെയാണ് എന്ന് ബിഷപ്‌ ഡോ. ഗീ വർസീസ്‌ മാർ കുറിലോസ് പറഞ്ഞു.

സമാപന സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ട് ഐ സി സി പ്രസിഡണ്ട് എ.പി മണികണ്ഡൻ സംസാരിച്ചു.

അടുത്ത ഖത്തർ മലയാളി സമ്മേളനം 2026 നവംബറിൽ നടക്കുമെന്ന് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട് കെ. എൻ സുലൈമാൻ മദനി പ്രഖ്യാപിച്ചു.

സമ്മേളത്തിന്റെ സ്വാഗത സംഘം ചെയർമാൻ ഷറഫ് പി ഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷമീർ വലിയ വീട്ടിൽ സ്വാഗതവും കൺവീനർ അലി ചാലിക്കര നന്ദിയും പറഞ്ഞു. ഷജീഅ് ഖിറാഅത്ത് നടത്തി.

പ്രശസ്ത കലാകാരൻ ബന്ന ചേന്ദമംഗല്ലൂർ സമാപന സെഷൻ അവതാരകനായിരുന്നു. മുജീബ്‌ മദനി, സിറാജ്‌ ഇരിട്ടി, ബുഷ്‌ റഷമീർ, ദിൽബ മിദ്ലാജ്‌, സിജില സഫീർ എന്നിവർ വിവിധ സെഷനുകളിൽ അവതാരകരായിരുന്നു.

Continue Reading