Crime
ഗവര്‍ണർക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ബില്ലുകളില്‍ ഒപ്പിടാതിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേള്‍ക്കുക.
സംസ്ഥാന സര്‍ക്കാരിനെ സുപ്രിം കോടതിയില്‍ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാകും പ്രതിനിധികരിയ്ക്കുക. ഗവര്‍ണറര്‍ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാകും സുപ്രിം കോടതിയില്‍ ഹാജരാകുക.. രണ്ട് വര്‍ഷം പിന്നിട്ട മൂന്ന് ബില്ലുകളടക്കം എട്ടെണ്ണത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം.
തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍.എന്‍. രവിക്കെതിരെ സ്റ്റാലിന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. കഴിയാവുന്നത്ര വേഗത്തില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന ഭരണഘടന അനുച്ഛേദം 200ലെ വ്യവസ്ഥ പാലിക്കപ്പെടണം എന്ന് സംസ്ഥാനങ്ങള്‍ കോടതിയില്‍ ആവശ്യപ്പെടും. ബില്ലുകള്‍ എത്രകാലം ഗവര്‍ണര്‍ക്ക് കൈവശം വയ്ക്കാമെന്നതില്‍ വ്യക്തതയും സംസ്ഥാനങ്ങള്‍ തേടും.
പഞ്ചാബ് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് തീ കൊണ്ടാണ് കളിക്കുന്നതെന്ന് കഴിഞ്ഞ ദിവസ്സം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു. ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശിച്ചു.