Connect with us

KERALA

പൊലീസുകാരുടെ വര്‍ധിച്ചുവരുന്ന ആത്മഹത്യക്ക് കാരണം സമ്മർദ്ദം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാരുടെ വര്‍ധിച്ചുവരുന്ന ആത്മഹത്യക്ക് കാരണം സമ്മര്‍ദ്ദമെന്ന് കണ്ടെത്തി ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. സമ്മര്‍ദ്ദം കാരണം പൊലീസിന്റെ ജോലി കഠിനമാകുന്നുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസില്‍ ആത്മഹത്യ കുറയ്ക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ആഭ്യന്തരവകുപ്പും ജോലി ഭാരം സമ്മതിക്കുന്നത്. സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ വര്‍ധിക്കുന്നത് സമീപകാലങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് അന്വേഷണം ആരംഭിച്ചത്.
ആത്മഹത്യയും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാന്‍ 9 നിര്‍ദ്ദേശമാണ് ആഭ്യന്തരവകുപ്പ് സംസ്ഥാന പൊലിസ് മേധാവിക്ക് നല്‍കിയത്. പൊലീസില്‍ ആത്മഹത്യ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുര്‍ന്നാണ് ഡിജിപിയോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആശ്യപ്പെട്ടത്. 2019 ജനുവരി മുതല്‍ ഈ വര്‍ഷം സെപ്തംബര്‍ 30വരെയുള്ള ആത്മഹത്യ കുറിച്ച് ഇന്റലിജന്‍സാണ് പഠനം നടത്തിയത്. 69 ആത്മഹത്യകള്‍ നടന്നുവെന്നും കുടുംബ പ്രശ്‌നങ്ങളാണ് ഇതില്‍ 30 പേരേയും മരണത്തിന് കാരണമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. ജോലിയിലെ പരിമുറുക്കമാണ് കുടുംബ പ്രശ്‌നങ്ങള്‍ക്കുള്ള കാരണമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
മാനസിക സംഘര്‍ഷം കാരണം 20 ഉം, അമിത ജോലി ഭാരം കാരണം 7 പേരും ആത്മഹത്യ ചെയ്തുവെന്നും പരിശോധനയില്‍ കണ്ടെത്തി. സാമ്പത്തിക പ്രശ്‌നം, രോഗം തുടങ്ങിയവാണ് മറ്റ് കാരണങ്ങളായി ചൂണ്ടികാട്ടിയത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് പൊലീസുകാര്‍ക്ക് സമ്മര്‍ദ്ദം കുറയക്കാനായി 9 നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയത്. ഇതേ ഉത്തരവില്‍ തന്നെ പൊലിസ് ജോലിക്ക് അനുയോജ്യമായ സാഹചര്യം ഇപ്പോഴില്ലെന്ന് ആഭ്യന്തരവകുപ്പ് സമ്മതിക്കുന്നത്. സമ്മര്‍ദ്ദങ്ങളേറുമ്പോഴും ജോലി കഠിനമായി തുടരുന്നത് യാഥാര്‍ത്ഥ്യമാണെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
വ്യക്തിപരമായതും ജോലി സംബന്ധവുമായ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മെന്ററിംഗ് സംവിധാനം ശക്തിപ്പെടുത്തണം, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായ വേദി ഒരുക്കണം, വീക്കിലി ഓഫും, അനുവദിച്ചുളള അവധികളും നല്‍കുക, മാനസിക പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥമായ ഇടപടെലുകള്‍ ഉണ്ടാകാന്‍ ശ്രദ്ധിക്കണം, യോഗ പരിശീലനം വേണം, ആവശ്യമായ സമയങ്ങളില്‍ ചികിത്സ നല്‍കണം, മാനസിക പരിമുറുക്കം കുറയ്ക്കാന്‍ ഉദ്യോഗസ്ഥരെ സ്വയം പ്രാപ്തരാക്കണം, തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നടത്തുന്നതുപോലെ മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള കൗണ്‍സിലിംഗ് സെന്ററുകള്‍ എല്ലാ ജില്ലയിലും ആരംഭിക്കണം എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.

Continue Reading