NATIONAL
മിസോറാമിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ട്രെൻഡിൽ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് ഭരണകക്ഷിയായ മിസോ നാഷണൽ ഫണ്ടും (എംഎൻഎഫ്) പ്രതിപക്ഷമായ സൊറാം പീപ്പിൾസ് മൂവ്മെന്റും (സെഡ് പി എം).

ഐസോൾ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അവസാനത്തേതായ മിസോറാമിൽ വോട്ടെണ്ണൽ ആരംഭിച്ചു. എട്ട് മണിയോടെ ആരംഭിച്ച വോട്ടെണ്ണലിൽ ആദ്യ ട്രെൻഡിൽ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് ഭരണകക്ഷിയായ മിസോ നാഷണൽ ഫണ്ടും (എംഎൻഎഫ്) പ്രതിപക്ഷമായ സൊറാം പീപ്പിൾസ് മൂവ്മെന്റും (സെഡ് പി എം).
ആദ്യ മിനുട്ടുകളിൽ സെഡ് പി എം ലീഡ് നേടി. തൊട്ട് പിന്നാലെ ഏഴ് സീറ്റുകളിലേക്ക് ലീഡ് ഉയർത്തി മുഖ്യമന്ത്രി സൊറാംതാങ്കയുടെ എംഎൻഎഫ് തിരിച്ചുവന്നു. നിലവിൽ 18 സീറ്റുകളിലെ ലീഡ് നില പുറത്തുവരുമ്പോൾ എംഎൻഎഫ് ഒൻപതും സെഡ്‌പിഎം അഞ്ചും കോൺഗ്രസും ബിജെപിയും രണ്ട് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.40 സീറ്റുകളാണ് മിസോറാം നിയമസഭയിലേക്കുള്ളത്. 21 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനായി വേണ്ടത്. എക്സിറ്റ് പോൾ ഫലങ്ങളിലും ഇരുപാർട്ടികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരുന്നത്. മൂന്നിൽ രണ്ട് എക്‌സിറ്റ് പോൾ ഫലങ്ങൾ എംഎൻഎഫിന് മുൻകൈ പ്രവചിക്കുമ്പോൾ ഒന്നിൽ സെഡ്‌പിഎമ്മിന് മുൻകൈയെന്ന് വ്യക്തമാക്കുന്നു. കോൺഗ്രസും മൂന്നാമത് ശക്തിയായി സംസ്ഥാനത്തുണ്ട്. 2018 തിരഞ്ഞെടുപ്പിൽ 26 സീറ്റുകളുമായാണ് എംഎൻഎഫ് അധികാരത്തിലെത്തിയത്.