Crime
ഡോ. റുവൈസിന്‍റെ അച്ഛനെയും പൊലീസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്‍റെ അച്ഛനെയും പൊലീസ് ചോദ്യം ചെയ്യും. ഷഹ്നയെ വിവാഹം കഴിക്കാൻ റുവൈസ് സ്ത്രീധനം ചോദിച്ചതിൽ അച്ഛനും പങ്കുണ്ടെന്ന സൂചനയെത്തുടർന്നാണിത്. ഇക്കാര്യം വ്യക്തമായാൽ ഇയാളും കേസിൽ പ്രതിയാകും.
വീട്ടുകാരാണ് സ്ത്രീധനം ആവശ്യപ്പെട്ടതെന്നും, വീട്ടുകാരെ ധിക്കരിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ഷഹ്നയെ റുവൈസ് അറിയിച്ചതിനെത്തുടർന്നാണ് ഷഹ്ന ജീവനൊടുക്കിയതെന്നാണ് വിവരം. സ്ത്രീധനം ചോദിച്ചതിൽ വീട്ടുകാർക്കു പങ്കുണ്ടെന്നു തന്നെയാണ് ഇതിൽ നിന്നു ലഭിക്കുന്ന സൂചന. ഷഹ്നയുടെ കുടുംബം നൽകിയ മൊഴിയും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത റുവൈസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ജാമ്യം നൽകരുതെന്നും കൂടുതൽ അന്വേഷണത്തിന് പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നത്.