Connect with us

KERALA

മഹാരാജാവിന്റെ എഴുന്നള്ളത്താണ് ഇപ്പോൾ നടക്കുന്നത്. വഴിയരുകിൽ ആരും കാണാൻ പാടില്ലെന്ന തരത്തിലാണ് ആക്രമണം.  മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കണം

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂരിലെ അക്രമമവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിന് കേസെടുത്തപ്പോഴും പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറഞ്ഞത്, അത് ജീവൻരക്ഷാ പ്രവർത്തനമാണെന്നും അക്രമികളെ അഭിനന്ദിക്കുകയാണെന്നും ഇനിയും തുടരണമെന്നുമാണ്. ഇപ്പോൾ സ്വന്തം പാർട്ടിക്കാരനു നേരെയായി ജീവൻരക്ഷാപ്രവർത്തനമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

നൂറുകണക്കിന് പൊലീസ് അകമ്പടി വാഹനങ്ങളെ കൂടാതെ മാരകായുധങ്ങളുമായുള്ള എസ്‌കോർട്ട് വാഹനങ്ങളുമായാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെയുള്ള ടെംമ്പോ ട്രാവലറുകളിൽ സി.പി.എം ക്രിമിനൽ സംഘമാണ് യാത്ര ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു.

‘ഡി.വൈ.എഫ്.ഐ പ്രവർത്തകനെ പേപ്പട്ടിയെ പോലെയാണ് ഈ അക്രമിസംഘം തല്ലിച്ചതച്ചത്. ഞാൻ സി.പി.എമ്മുകാരനാണെന്ന് നിലവിളിച്ചിട്ടും എഴുന്നേറ്റ് നടക്കാൻ പറ്റാത്ത തരത്തിൽ നിലത്തിട്ട് ചവിട്ടിക്കൂട്ടി. മുഖ്യമന്ത്രി നൽകിയ ധൈര്യമാണ് ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിയത്. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസാണ്. ഇപ്പോഴും മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിക്കുകയാണ്. മന്ത്രിമാർക്കെതിരെ കേരളത്തിൽ ഏറ്റവും കൂടുതൽ കരിങ്കൊടി കാട്ടിയിട്ടുള്ള സി.പി.എമ്മാണ് പ്രതിഷേധക്കാരെ ആക്രമിക്കുന്നത്. മഹാരാജാവിന്റെ എഴുന്നള്ളത്താണ് ഇപ്പോൾ നടക്കുന്നത്. വഴിയരുകിൽ ആരും കാണാൻ പാടില്ലെന്ന തരത്തിലാണ് ആക്രമണം. ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കണം’- വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

പറവൂരിൽ വന്ന് പ്രതിപക്ഷ നേതാവിനെതിരെ മന്ത്രിമാരെക്കൊണ്ട് സംസാരിപ്പിച്ചു. നാട്ടുകാരുടെ ചെലവിൽ പ്രതിപക്ഷത്തെ അധിക്ഷേപിക്കാനും രാഷ്ട്രീയം പറയാനും തെരഞ്ഞെടുപ്പ് പ്രചരണം നടത്താനുമാണ് നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത്. നാട്ടുകാരുടെ ചെലവിൽ സ്‌റ്റേജ് കെട്ടിയാണ് മുഖ്യമന്ത്രി രാഷ്ട്രീയം പറയുന്നത്. ഒരു പണിയുമില്ലാതെയാണ് മന്ത്രിമാർ 44 ദിവസവും മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്യുന്നത്. സംസ്ഥാനത്തെ ട്രഷറി പൂട്ടിയിട്ടും ധനമന്ത്രി അശ്ലീല നാടകത്തിന് പിന്നാലെ നടക്കുകയാണ്. തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരും മന്ത്രിമാരും ഇല്ലാതെ ഭരണസിരാകേന്ദ്രം അനാഥമായി. കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റിയിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഈ നാടകം നടത്തുന്നത്. ഒരു നോട്ടീസ് പോലും കൊടുക്കാൻ പാടില്ലാത്ത അവസ്ഥയാണ്. ഇതെന്താ സ്റ്റാലിന്റെ റഷ്യയാണോ? ജനാധിപത്യ കേരളമാണെന്ന് മുഖ്യമന്ത്രി ഓർക്കണം. സ്റ്റാലിന്റെ കാലത്തെ റഷ്യയാക്കി കേരളത്തെ മാറ്റാൻ പിണറായി വിജയൻ ശ്രമിച്ചാൽ അതിനെതിരെ ജനങ്ങൾ ശക്തിയായി പ്രതിഷേധിക്കും- പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശബരിമല തീർത്ഥാടന കാലത്തെ തിരക്ക് ശ്രദ്ധിക്കാൻ പോലും സർക്കാരിന് സമയമില്ലെന്ന് പറഞ്ഞ വി.ഡി. സതീശൻ, സർക്കാർ തലത്തിലുള്ള യോഗം പോലും നടത്തിയിട്ടില്ലെന്നും ദേവസ്വം മന്ത്രി പോലും സ്ഥലത്തില്ലെന്നും പറഞ്ഞു. സ്വന്തക്കാരെ മുഴുവൻ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വ്യാജരേഖ ചമച്ച എസ്.എഫ്.ഐ വനിതാ നേതാവിനെതിരെ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലും യുവഡോക്ടറുടെ ആത്മഹത്യയിലും ദുരൂഹതകൾ നിലനിൽക്കുന്നു. ഡോ. ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസങ്ങളിലും പൊലീസ് പറഞ്ഞത് വ്യത്യസ്ത കാര്യങ്ങളാണ്. ഒ.പി ചീട്ടിന്റെ പിന്നിലാണ് ആത്മഹത്യാ കുറിപ്പെന്നാണ് ആദ്യം പറഞ്ഞത്. പിന്നീടാണ് നാല് പേജുള്ള കുറിപ്പുണ്ടെന്ന് പറഞ്ഞത്. പ്രതികളെയും കുറ്റവാളികളെയും രക്ഷാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

Continue Reading