Connect with us

HEALTH

ഇന്ത്യയിൽ പാരമ്പര്യ ചികിത്സാ ഗവേഷണ കേന്ദ്രം തുടങ്ങാൻ ലോകാരോഗ്യ സംഘടന തീരുമാനം

Published

on

ന്യൂഡൽഹി: ഇന്ത്യയില്‍ പാരമ്പര്യ ചികിത്സാ ഗവേഷണ കേന്ദ്രം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ആയുര്‍വേദ ചികിത്സയ്ക്ക് വേണ്ടി ഇന്ത്യയില്‍ ആഗോള കേന്ദ്രം തുടങ്ങുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. ഡബ്ല്യൂഎച്ച്ഓയുടെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി.

ഇന്ത്യ ലോകത്തിന്റെ ഔഷധശാലയായി മാറിക്കഴിഞ്ഞെന്നും ആഗോളതലത്തില്‍ ഇന്ത്യ സൗഖ്യകേന്ദ്രമായി മാറുമെന്നും മോദി പ്രതികരിച്ചു. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധോനം ഗബ്രേസസ് ആണ് ഇന്ത്യയില്‍ പുതിയ കേന്ദ്രം നിര്‍മിക്കുന്നതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വിര്‍ച്വല്‍ യോഗത്തിലായിരുന്നു ലോകാരോഗ്യ സംഘടനാ തലവന്റെ പ്രഖ്യാപനം. അതേസമയം, ജയ്പൂരിലും ജാംനഗറിലുമായി രണ്ട് പുതിയ ആയുര്‍വേദ ആശുപത്രികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ആയുര്‍വേദ ഗവേഷണത്തിനായാണ് ഗുജറാത്തിലെ ജാം നഗറില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് ആന്റ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ, രാജസ്ഥാനിലെ ജയ്പൂരില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ എന്നീ സ്ഥാപനങ്ങള്‍ തുറന്നത്. ഇതില്‍ ജയ്പൂരില്‍ തുറക്കുന്ന സ്ഥാപനത്തിന് ഡീംഡ് ടു ബി പദവിയുമുണ്ട്.
‘പാരമ്പര്യ മരുന്നുകളുടെ തെളിവുകളും ഗവേഷണവും പരിശീലനവും ബോധവത്കരണവും വര്‍ധിപ്പിക്കാനായി ലോകാരോഗ്യ സഘടയുടെ ആഗോള പാരമ്പര്യ ഔഷധ കേന്ദ്രം തുറക്കന്നതില്‍ സന്തോഷമുണ്ട്.’ ലോകാരാഗ്യ സംഘടനയുടെ തലവനായ ഡോ. ഗബ്രയേസസ് പറഞ്ഞു. എല്ലാവര്‍ക്കും ആരോഗ്യരക്ഷ ലഭ്യമാക്കാനായി പരമ്പരാഗത ചികിത്സാരീതികള്‍ കൂടി ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്ന രാജ്യങ്ങള്‍ക്ക് പുതിയ കേന്ദ്രം പിന്തുണ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആയുര്‍വേദം ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഇന്ത്യയുടെ പരമ്പരാഗതമായ അറിവ് മറ്റു രാജ്യങ്ങള്‍ക്കു കൂടി പ്രയോജനം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി മോദി ചടങ്ങില്‍ പറഞ്ഞു.

Continue Reading