Crime
ബിനോയ് കോടിയേരി ക്കെതിരെ മുംബൈ പോലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും

മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച് ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍, ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് വൈകാതെ കുറ്റപത്രം സമര്‍പ്പിച്ചേക്കും. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.
റജിസ്ട്രാറുടെ പക്കല്‍ രഹസ്യരേഖയായി ഡിഎന്‍എ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് റദ്ദാക്കണമെന്ന ബിനോയിയുടെ ഹര്‍ജി 2021 ജൂണിലേക്കു മാറ്റിയിരിക്കുകയാണ്.പീഡനപരാതി നിലനില്‍ക്കുന്ന കീഴ്‌ക്കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍, ഡിഎന്‍എ റിപ്പോര്‍ട്ട് തേടി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. കേസില്‍ ഒത്തുതീര്‍പ്പ് നടന്നതായുള്ള പ്രചാരണവും അവര്‍ നിഷേധിച്ചു. മുംബൈ മീരാറോഡില്‍ താമസിക്കുന്ന യുവതി 2019 ജൂണിലാണു കേസ് നല്‍കിയത്.
ദുബായിലെ മെഹ്ഫില്‍ ബാറില്‍ ഡാന്‍സര്‍ ആയിരുന്ന താന്‍ അവിടെ പതിവായി വന്നിരുന്ന ആളെന്ന നിലയിലാണു ബിനോയിയെ പരിചയപ്പെട്ടതെന്നും 2009 ല്‍ ഗര്‍ഭിണിയായതോടെ മുംബൈയിലേക്കു മടങ്ങിയെന്നും യുവതി പറയുന്നു. ആദ്യഘട്ടങ്ങളില്‍ ചെലവെല്ലാം വഹിച്ചിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയെന്നും തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞതെന്നും പരാതിയിലുണ്ട്