Crime
ഒടുവിൽ ശിവ ശങ്കർ ജയിലിലേക്ക് . 26 വരെ എറണാകുളം ജില്ലാ ജയിലിലടച്ചു
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെ 26-ാം തിയതിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. എറണാകുളം ജില്ലാ ജയിലിലേക്കാണ് അദ്ദേഹത്ത മാറ്റുക. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിവശങ്കറിനെ റിമാൻഡ് ചെയ്തത്. അതേസമയം ശിവശങ്കറിന്റെ ജാമ്യഹർജിയിൽ വിധി ചൊവ്വാഴ്ച പറയും.
സ്വപ്ന ഒരു മുഖം മൂടി മാത്രമാണെന്നും മുഖംമൂടിക്ക് പിന്നിൽ ശിവശങ്കറാണെന്നും ഇ.ഡി. കോടതിയിൽ വാദം നടത്തിയിരുന്നു.. ലോക്കറിലുണ്ടായിരുന്ന പണം ശിവശങ്കറിന്റേത് കൂടിയാണ്. ആ പണം തന്റെ താത്പര്യങ്ങൾക്കനുസരിച്ച് ചെലവഴിക്കാനാണ് ശിവശങ്കർ ശ്രമിച്ചതെന്നും ഇ.ഡി. കോടതിയിൽ വ്യക്തമാക്കി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശിവശങ്കറിന് അറിയാമെന്നതിന് തെളിവ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ഹാജരാക്കി. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റുകളും സ്വപ്നയുടെ മൊഴിയുമാണ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്.
കേസുകൾ മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ ഈ മൊഴികൾ എങ്ങനെ തള്ളിക്കളയാനാകുമെന്ന് കോടതി ചോദിച്ചു. ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പ്രധാനപ്രതിയാണ് മൊഴി നൽകിയിരിക്കുന്നത്. കള്ളക്കടത്തിന്റെ വരുമാനമെന്ന അറിവോടെയല്ലേ സഹായിച്ചതെന്നും പ്രഥമദൃഷ്ട്യാ മനസിലാകുന്നത് അങ്ങനെയാണെന്നും കോടതി പറഞ്ഞു. സ്വപ്നയുടെ മൊഴിയെടുത്തത് ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണെന്നും കോടതി വ്യക്തമാക്കി. ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ നിരീക്ഷണങ്ങൾ.
ശിവശങ്കറിനെതിരായ സ്വപ്ന സുരേഷിന്റെ മൊഴി സമ്മർദ്ദം മൂലമാകാമെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നേരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴൊന്നും അവർ ഈ മൊഴി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ മൊഴി കണക്കിലെടുക്കരുത്. കേസിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. ഇ.ഡി. കേസ് കൃത്യമായ തെളിവില്ലാതെയാണെന്നും എൻ.ഐ.എ., ഇ.ഡി. കേസുകൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
