Crime
തലസ്ഥാനത്ത് ഇന്നും വൻ സംഘർഷം; മാത്യൂ കുഴൽനാടൻ എംഎൽഎക്ക് പരിക്ക്

തിരുവനന്തപുരം: നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ കെഎസ്‌യു മാർച്ചിൽ വൻ സംഘർഷം. ഡിസിസി ഓഫീസിൽ നിന്ന് പൊലീസ് ആസ്ഥാനത്തേക്കായിരുന്നു മാർച്ച്. വഴിയിൽ കണ്ട നവകേരള സദസിന്റെ ഫ്ലക്സ് ബോർഡുകൾ തകർത്തുകൊണ്ടായിരുന്നു മാർച്ച്. വഴിമദ്ധ്യേ പൊലീസ് ബാരിക്കേഡുകൾ വച്ച് മാർച്ച് തടഞ്ഞു.
തുടർന്ന് പൊലീസും പ്രവർത്തകരുമായി സംഘർഷമുണ്ടായി. പൊലീസിന് നേരെ കെഎസ്‌യു പ്രവർത്തകർ മുളകുപൊടി പ്രയോഗിച്ചു. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ലാത്തിചാർജിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും പൊലീസ് അതിക്രമമുണ്ടായി. മാത്യു കുഴനാടൻ എംഎൽഎയ്ക്കും പൊലീസ് മർദ്ദനമേറ്റു. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രവർത്തകരെ ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമം നടക്കുകയാണ്.പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ നടപടി വേണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. നവകേരള സദസ് യാത്രയ്ക്കു നേരെ കരിങ്കൊടി കാട്ടിയ പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കഴിഞ്ഞദിവസം നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു.