International
ഐസകിന്റെ ലക്ഷ്യം പിണറായിയാണെന്നും അതിനാലാണ് ലാവ്ലിൻ വിഷയം വീണ്ടും കൊണ്ടു വന്നതെന്നും ചെന്നിത്തല

തിരുവനന്തപുരം: ധനമന്ത്രി രാഷ്ട്രീയദുഷ്ടലാക്കിന് വേണ്ടി തരംതാണുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി ബോധപൂർവം വിവാദമുണ്ടാക്കി. സ്വർണക്കടത്ത് വിവാദത്തിൽനിന്ന് ശ്രദ്ധതിരിക്കാൻവേണ്ടിയാണിതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഴിമതി കണ്ടെത്തുമെന്നായപ്പോളാണ് തോമസ് ഐസക് ചന്ദ്രഹാസം ഇളക്കുന്നത്. പൊതുജന ശ്രദ്ധ തിരിക്കാൻ കപട നാടകം നടത്തുകയാണ്. അഴിയെണ്ണേണ്ടി വരുന്ന സാഹചര്യത്തിലാണ് ഐസക് ഉറഞ്ഞുതുള്ളുന്നതെന്നും ചെന്നിത്തല പറഞ്ഞു. കരട് റിപ്പോർട്ട് പുറത്തുപറയാൻ ധനമന്ത്രിക്ക് അവകാശമില്ല. അഴിമതിയിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ ഐസക് പാവയാകുന്നുവെന്നും കിഫ്ബിയിൽ നടക്കുന്ന കൊള്ള പിടികൂടുമെന്ന് ധനമന്ത്രിക്ക് ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐസ്കിൻറെ ലക്ഷ്യം താനല്ല. പിണറായി വിജയനാണ്. അതിനാലാണ് ലാവ്ലിൻ വിഷയം വീണ്ടും കൊണ്ടുവന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.