Connect with us

Entertainment

ഖത്തര്‍ കലാഞ്ജലി കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കം

Published

on


ദോഹ: മൂന്നാമത് മീഡിയ പെന്‍ ഇന്റര്‍സ്‌കൂള്‍ കലാഞ്ജലി കലോത്സവം ജനുവരി ഒന്‍പത് മുതല്‍ 11 വരെ നടത്തും.

ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ കേരള സംസ്ഥാന യുവജനോത്സവ മാതൃകയിലാകും കലാഞ്ജലി കലോത്സവം ദോഹയില്‍ സംഘടിപ്പിക്കുക. 71 ഇനങ്ങളിലായി ഖത്തറിലെ വിവിധ പ്രവിശ്യകളില്‍ നിന്നായി 1800ഓളം മത്സരാര്‍ഥികള്‍ കലാമത്സരങ്ങളുടെ ഭാഗമാകും.

ഖത്തറിലെ പ്രധാനപ്പെട്ട 18ഓളം ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 1800 വിദ്യാര്‍ഥികളുടെ പങ്കാളിത്തം കലാഞ്ജലിയെ മികവുറ്റതാക്കും. ജനുവരി 9, 10, 11 തിയ്യതികളില്‍ വൈകിട്ട് നാലു മുതല്‍ രാത്രി 10 വരെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒരേസമയം തന്നെ നാലു വേദികളിലായി മത്സരങ്ങള്‍ നടക്കും.

ഒന്‍പതിന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡികളുടെ അധ്യക്ഷന്‍മാരായ എ പി മണികണ്ഠന്‍, ഷാനവാസ് ബാവ, ഇ പി അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ സംയുക്തമായി കലോത്സവം നഗറില്‍ പതാക ഉയര്‍ത്തുന്നതോടെ കലാഞ്ജലി കലോത്സവത്തിന് തുടക്കമാകും.

മത്സരാര്‍ഥികളുടെ മികച്ച പങ്കാളിത്തം കലോത്സവത്തിന് മികവേകും. കലാതിലകം, കലാപ്രതിഭ, പുരസ്‌ക്കാരങ്ങള്‍ക്കു പുറമെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്കും പ്രത്യേക പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ കൈമാറും. സമാപന സമ്മേളനം ഖത്തര്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ പ്രശസ്ത മലയാള ചലച്ചിത്രതാരം വിശിഷ്ട അതിഥി ആയിരിക്കും.

കൂടാതെ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികള്‍, ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയ പ്രതിനിധികള്‍, ഖത്തറിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

വേദി മയൂരിയില്‍ നൃത്ത ഇനങ്ങളും അമൃതവര്‍ഷണി വേദിയില്‍ സംഗീത മത്സരങ്ങളും സാഹിതി ഹാളില്‍ സാഹിത്യ മത്സരങ്ങളും രംഗോലി ഹാളില്‍ ചിത്രരചന മത്സരങ്ങളുമാണ് നടക്കുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജഡ്ജിങ് പാനല്‍ ആയിരിക്കും കലോത്സവ മത്സരങ്ങളുടെ വിധി നിര്‍ണ്ണയിക്കുക.

Continue Reading