KERALA
എം.ടി പറഞ്ഞത് ചില യാഥാർഥ്യങ്ങളാണ്. വിശദീകരണവുമായി എഴുത്തുകാരൻ എൻ.ഇ. സുധീർ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി. വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ വിശദീകരണവുമായി എഴുത്തുകാരൻ എൻ.ഇ. സുധീർ. വിമർശിക്കുകയായിരുന്നില്ലെന്നും ചില യാഥാർഥ്യങ്ങളാണ് എം.ടി പറഞ്ഞതെന്നും എൻ.ഇ. സുധീർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യാതിഥിയായി സംസാരിച്ച എം.ടി. വാസുദേവൻ നായർ, ഇ.എം.എസ്. സമാരാധ്യനായതെങ്ങനെയെന്ന് പറഞ്ഞുകൊണ്ട് അധികാരത്തെ വിമർശിച്ചത്. അധികാരമെന്നാൽ ജനസേവനത്തിനു കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിച്ചുമൂടിയതാണ്. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവെച്ചാൽ ആധിപത്യത്തിനുള്ള തുറന്ന അവസരമാണെന്നായിരുന്നു എം.ടി. തുറന്ന് കാട്ടിയിരുന്നത്.
എൻ.ഇ. സുധീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
ഇന്നലെ വീട്ടിൽ ചെന്നു കണ്ടപ്പോൾ നാളെ കെ.എൽ.എഫ്. ഉദ്ഘാടന വേദിയിൽ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എം.ടി. പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകിട്ടു കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു.
എംടി എന്നോട് പറഞ്ഞത് ഇതാണ്.
“ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു, അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്” തന്റെ കാലത്തെ രാഷ്ട്രീയയാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു. എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.
