NATIONAL
തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. രാജപ്രതിനിധി ഘോഷയാത്രയെ അനുഗമിക്കില്ല.

ശബരിമല: അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ഘോഷയാത്ര വിവിധയിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 15 ന് വൈകിട്ട് ശരംകുത്തിയിലെത്തും. തുടര്‍ന്ന് തിരുവാഭരണ ഘോഷ യാത്രയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. പിന്നാലെ തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. പരമ്പരാഗത പാതയിലൂടെയാണ് ഘോഷയാത്ര സന്നിധാനത്തെത്തുക.
അതേസമയം മകരവിളക്ക് ദര്‍ശനത്തിനുള്ള ശബരിമലയിലെയും മറ്റിടങ്ങളിലെയും ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ദര്‍ശന സൗകര്യമുണ്ട്. സത്രം പുല്ലുമേട് പാതക്ക് പുറമെ വള്ളക്കടവില്‍ നിന്ന് പുല്ലുമേട് വഴിയും മകര വിളക്ക് ദിവസം ഭക്തരെ കടത്തിവിടും.
വള്ളക്കടവ് ചെക്ക്പോസ്റ്റ് വഴിയും ശബരിമലയില്‍ നിന്ന് പുല്ലുമേട്ടിലേക്കും ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ. അയ്യപ്പന്മാര്‍ തിങ്ങിക്കൂടുന്ന പുല്ലുമേട്ടില്‍ പൊതുമരാമത്ത് വകുപ്പ് ബാരിക്കേഡ് നിര്‍മ്മിച്ചു.
ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ 5000 ലിറ്റര്‍ വാട്ടര്‍ ടാങ്ക് ജല അതോറിറ്റി സ്ഥാപിച്ചു. പുല്ലുമേട് വരെ രണ്ടു കിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സ്, മെഡിക്കല്‍ ടീമിന്റെ സേവനം, ഓരോ കിലോമീറ്റര്‍ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കുമളിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമാകും സര്‍വീസ് നടത്തുക. ഒരുക്കങ്ങള്‍ ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു.
എന്നാല്‍ പന്തളം രാജ കുടുംബാംഗം മരിച്ചതിനെ തുടര്‍ന്ന് വലിയ കോയിക്കല്‍ ക്ഷേത്രത്തിലും കൊട്ടാരത്തിലും ആചാരപരമായ ചടങ്ങുകള്‍ ഉണ്ടാകില്ല. ഇത്തവണ രാജപ്രതിനിധി ഘോഷയാത്രയെ അനുഗമിക്കില്ല.