Crime
കെജ്‌രിവാളിനെ വിടാതെ പിന്തുടരുന്നു ഇ.ഡി.മദ്യനയ അഴിമതിക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ്

.
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്
വീണ്ടും ഇ.ഡി.നോട്ടീസ്. ഇത് നാലാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
നോട്ടീസ് നല്‍കുന്നത്. ജനുവരി 18-ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.
നേരത്തേ മൂന്നുതവണ ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയപ്പോഴും കെജ്‌രിവാള്‍ ഹാജരായില്ല. പകരം എന്ത് അടിസ്ഥാനത്തിലാണ് തന്നെ വിളിപ്പിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കുകയായിരുന്നു.
ജനുവരി മൂന്നിന് ഹാജരാകാനായിരുന്നു അവസാനം നല്‍കിയ നോട്ടീസ്. അതിന് മുന്‍പ് ഡിസംബര്‍ 21-ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പത്തുദിവസത്തെ വിപാസനധ്യാന ക്യാമ്പുണ്ടെന്ന കാരണം പറഞ്ഞ് കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. നവംബര്‍ മൂന്നിനും ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കെജ്‌രിവാള്‍ തയ്യാറായിരുന്നില്ല.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് ഇ.ഡി. അന്വേഷണം നടക്കുന്നത്. ആരോപണമുണ്ടായതിന് പിന്നാലെ 2023 ജൂലായില്‍ സര്‍ക്കാര്‍ മദ്യനയം പിന്‍വലിച്ചിരുന്നു. ഇ.ഡി. അന്വേഷിക്കുന്ന കേസില്‍ ചോദ്യംചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഒക്ടോബറിലായിരുന്നു കെജ്‌രിവാളിന് ആദ്യം നോട്ടീസ് നല്‍കിയത്. സി.ബി.ഐ. അന്വേഷിക്കുന്ന കേസില്‍ ഏപ്രിലില്‍ കെജ്‌രിവാളിനെ ചോദ്യംചെയ്തിരുന്നു.