Crime
എക്സാലോജിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രതികരണം അറിയാൻ താൽപര്യമുണ്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരെ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രതികരണം അറിയാൻ താൽപര്യമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പരാമർശിച്ച കാര്യങ്ങളെക്കുറിച്ചും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ട് കമ്പനികൾ തമ്മിലുളള സുതാര്യമായ ഇടപാടായതുകൊണ്ട് തെറ്റായി ഒന്നും തന്നെയില്ലെന്നായിരുന്നു പത്രക്കുറിപ്പിൽ സിപിഎം പറഞ്ഞിരുന്നത്. വിഷയത്തിൽ മന്ത്രി റിയാസ് ഇപ്പോഴും ഇതിലൊന്നും അസ്വാഭാവികതയില്ലെന്നാണോ വാദിക്കുകയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു
സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ച് ലാഭം മറച്ചുവയ്ക്കുകയായിരുന്നു. അത് തന്നെയാണ് എക്സാലോജിക്കും ചെയ്തത്. സിഎംആർഎല്ലിൽ 14 ശതമാനം ഓഹരി കെഎസ്ഐഡിസിക്കാണ്. ലാഭത്തിന്റെ വിഹിതവും വ്യവസായ വികസന കോർപറേഷന് അവകാശപ്പെട്ടതാണ്. എന്നാൽ സിഎംആർഎൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ മറച്ചുവെച്ചു, പണം വഴിമാറ്റി കീശയിലാക്കുകയാണ് ചെയ്തത്. ഇതിന് കെഎസ്ഐഡിസി കൂട്ടുനിന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കെഎസ്ഐഡിസിയുടെ നിലപാട് എന്തായിരുന്നു എന്ന് പൊതുസമൂഹത്തോട് പറയേണ്ട ബാധ്യത വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനുണ്ടെന്നും അത് പറയണമെന്നും എംഎൽഎ പ്രതികരിച്ചു.
‘സർക്കാരിന് അവകാശപ്പെട്ട 14 ശതമാനം ലാഭവിഹിതം നൽകാതെ തട്ടിപ്പ് കാണിച്ച സിഎംആർഎൽ കമ്പനിക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് മന്ത്രി പറയണം. സർക്കാരിനെതിരെ വിശ്വസനീയമായ തെളിവുകൾ പലപ്പോഴായി വന്നിട്ടും യഥാർത്ഥത്തിൽ കേന്ദ്രസർക്കാർ അധികാരം പ്രയോഗിക്കാൻ തയ്യാറായിട്ടില്ല. ആത്യന്തികമായ നീതി കോടതിയിൽ നിന്നേ ലഭിക്കൂ. അന്വേഷണത്തിലൂടെ രജിസ്ട്രാർ ഓഫ് കമ്പനീസ് സത്യങ്ങൾ പുറത്തു കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു. എക്‌സാലോജിക് നിരവധി കമ്പനികളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. സേവനം നൽകാതെയാണ് പണം കൈപ്പറ്റിയത്. ചെലവുകൾ പെരുപ്പിച്ച് കാണിച്ച് സിഎംആർഎൽ നഷ്ടത്തിലാണെന്ന് കാണിച്ചത് പോലെയാണ് എക്‌സാലോജികും തട്ടിപ്പ് നടത്തിയത്. നിയമവ്യവസ്ഥയ്ക്ക് ഉള്ളിൽ നിന്ന് എല്ലാ പോരാട്ടവും നടത്തുമെന്നും കുഴൽനാടൻ പറഞ്ഞു.