Crime
രാഹുൽ മാങ്കൂട്ടത്തിലിനെ വിടാതെ പിൻതുടർന്ന് പോലീസ് മൂന്ന് കേസിൽ കൂടി അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് കേസിൽ കൂടി അറസ്റ്റ് ചെയ്തു. ജില്ലാ ജയിലിൽ വച്ച് കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിലാണ് കൂടുതൽ അറസ്റ്റ്. മൂന്ന് കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. രാഹുലിന്റെ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് മൂന്നു കേസുകളിൽ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ കേസുകളിൽ പൊലീസ് ആവശ്യപ്രകാരം കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. ഇതിന് പുറമേ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസുമുണ്ട്. ഇത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് പരിഗണിക്കുന്നത്. ഇതിൽ പൊലീസ് ഇതുവരെ പ്രൊഡക്ഷൻ വാറന്റ് ആവശ്യപ്പെട്ടിട്ടില്ല.സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് രാഹുലിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ജാമ്യാപേക്ഷ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്ത് പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെ നിരവധി നേതാക്കൾ രാഹുലിനെ ജയിലിൽ സന്ദർശിച്ചിരുന്നു.
നവകേരളസദസിനു നേരെനടന്ന പ്രതിഷേധങ്ങളെ പൊലീസും സി.പി.എമ്മും കായികമായി നേരിട്ടതിനെതിരേ ഡിസംബർ 20ന് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. കേസിൽ എം.എൽ.എമാരായ ഷാഫി പറമ്പിൽ, എം. വിൻസെന്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ നാലാം പ്രതിയാണ്.