Connect with us

Crime

വന്ദന ദാസിന്റെ കൊലപാതകത്തിൽ ഇനി ഒരു പ്രത്യേക സ്‌ക്വാഡിന്റെയും അന്വേഷണം ആവശ്യമില്ല

Published

on

തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ ഇനി ഒരു പ്രത്യേക സ്‌ക്വാഡിന്റെയും അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ എല്ലാം കൃത്യമായി അന്വേഷിച്ചതാണെന്നും ഹൈക്കോടതി നിലപാടിനൊപ്പമല്ലാതെ ഗവൺമെൻ്റ് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി. മോൻസ് ജോസഫ് എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ബഹുമാന്യനായ അംഗം ഉന്നയിച്ച കാര്യങ്ങൾ കേരളത്തിന്റെ പൊതു സമൂഹത്തിന് നല്ലതുപോലെ ധാരണയുള്ള കാര്യമാണല്ലോ.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആതുരസേവനത്തിനിടെ ഡോ. വന്ദന ദാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ചെയ്യേണ്ട നടപടികൾ ഒരു കാലതാമസവും ഇല്ലാതെ ചെയ്തു എന്നാണ് ഇത് കാണിക്കുന്നത്.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഡോ. വന്ദന ദാസിനെ ഉടന്‍തന്നെ പൊലീസ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി. ഡോ. വന്ദന ദാസ് പഠിച്ചിരുന്ന മെഡിക്കല്‍ കോളേജ് മേധാവിയടക്കമുള്ള ഡോക്ടര്‍മാരുടെയും സഹപാഠികളുടെയും അഭിപ്രായപ്രകാരമാണ് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍റെ സേവനമുള്‍പ്പെടെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എത്രയും വേഗം ചികിത്സ നല്‍കാനുള്ള ഇടപെടലാണ് പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 1202/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവസ്ഥലത്തുവച്ച് പിടിയിലായ പ്രതിയെ കോടതി റിമാന്‍റ് ചെയ്തു. തുടര്‍ന്ന് കേസില്‍ സമഗ്രമായ അന്വേഷണം ഉറപ്പാക്കുന്നതിന് കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയിരുന്നു. വ്യക്തമായ തെളിവുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കാര്യക്ഷമമായും സമയബന്ധിതമായും അന്വേഷണം പൂര്‍ത്തിയാക്കിയാണ് കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.ഇതിനിടെയാണ് ഡോ. വന്ദന ദാസിന്‍റെ മാതാപിതാക്കള്‍, കേസന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading