Crime
സിദ്ധാർഥൻ മരിച്ച സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ

വയനാട്: പൂക്കോട് വെറ്ററിനറി കോളെജ് രണ്ടാംവർഷ വിദ്യാർഥി ജെ.എസ് സിദ്ധാർഥൻ മരിച്ച സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. പാലക്കാടു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം ആക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളെയും തുടർന്നാണ് സിദ്ധാർഥൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
സിദ്ധാർഥനെ മർദിച്ച വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാവില്ലെന്ന് ഹോസ്റ്റൽ മുറിയിൽ കയറി സംഘത്തിലുണ്ടായിരുന്നയാൾ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട സിൻജോ ജോൺസനാണ് ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാർഥികൾ അറിയിച്ചു. അതുകൊണ്ടാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാതിരുന്നത്. മർദനവിവരം പുറത്തറിയിച്ച ഇതരസംസ്ഥാനക്കാരായ വിദ്യാർഥികൾ ആക്രമിക്കപ്പെടുമെന്നു ഭയന്ന് അവധിയിൽ പോയിരിക്കുകയാണ്.
ഫെബ്രുവരി 16 ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാർഥനെ സഹപാഠിയെക്കൊണ്ട് തിരികെ വിളിപ്പിക്കുകയായിരുന്നു. അന്നു രാവിലെ ക്യാമ്പസിലെ പാറപ്പുറത്തും വാട്ടർ ടാങ്കിനും സമീപവും സിദ്ധാർഥനെ പ്രതികൾ സംഘം ചേർന്ന് മർദിച്ചു.