Crime
ബാർക്കോഴ കേസിൽ മുഖ്യമന്ത്രിക്കെതിരെ ബിജു രമേശ്; മാണിയും പിണറായിയും ഒത്തുകളിച്ചു,

തിരുവനന്തപുരം: ബാർക്കോഴ ആരോപണത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് ബിജു രമേശ്. തന്നോട് ഉറച്ച് നിൽക്കാൻ പറഞ്ഞ പിണറായി വിജയൻ വാക്ക് മാറ്റിയെന്നും ബിജു രമേശ് ആരോപിച്ചു. കളളക്കേസ് എടുക്കുമെന്ന ഭീഷണി വന്നപ്പോൾ കോടിയേരി ബാലകൃഷ്‌ണനെ കണ്ടിരുന്നു. പിന്നാലെയാണ് പിന്മാറരുതെന്ന് പിണറായി തന്നോട് ആവശ്യപ്പെട്ടത്. ന്യായവും നീതിയും തനിക്ക് ലഭിക്കുന്നില്ല. കെ എം മാണി പിണറായിയെ സന്ദർശിച്ചതോടെയാണ് ബാർക്കോഴ കേസ് നിലച്ചത്. മാണിയും പിണറായിയും ഒത്തുകളിച്ചു. പ്രതിയായ വ്യക്തിയെയാണ് പിണറായി അന്ന് കണ്ടതെന്നും ബിജു രമേശ് ആരോപിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് പഴയ ആദർശ ശുദ്ധിയില്ല. തന്നെ മാനസികമായി തകർക്കാനും സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനും ശ്രമിച്ചു. വിജിലൻസ് അന്വേഷണം പ്രഹസനമാണ്. കേന്ദ്ര ഏജൻസികൾ ബാർക്കോഴ കേസ് അന്വേഷിക്കണം. എം എൽ എമാരും മന്ത്രിയുമായിരുന്ന 36 പേർ അന്ന് തിരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്‌മൂലം തെറ്റായിരുന്നു. അന്ന് അത് പിണറായിയോട് പറഞ്ഞപ്പോൾ കൈയിൽ വച്ചിരിക്കാനാണ് പറഞ്ഞതെന്നും ബിജു രമേശ് വെളിപ്പെടുത്തി.
ജോസ് കെ മാണി തന്നെ സ്വാധീനിക്കാൻ ശ്രമിച്ച കാര്യം വിജിലൻസിന് എഴുതി കൊടുത്തതാണ്. എന്നാൽ അതൊന്നും അന്വേഷിക്കാൻ അധികാരമില്ലെന്നാണ് വിജിലൻസ് പറഞ്ഞത്. അധികാരമുളള ഏജൻസി കേസ് അന്വേഷിക്കണം. രമേശ് ചെന്നിത്തലയുടെ പഴയ സാമ്പത്തിക അവസ്ഥ എന്താണെന്നും ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ എന്താണെന്നും എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തെ ഉപദ്രവിക്കരുതെന്ന് ഭാര്യ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നിത്തല രാത്രി ഒന്നും കഴിച്ചിട്ടില്ലെന്നും ഉറങ്ങിയില്ലെന്നും രാവിലെ കാപ്പി പോലും കുടിച്ചില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. അസുഖമുളളയാളാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞപ്പോൾ ഇല്ല ചേച്ചി ഉപദ്രവിക്കില്ല എന്നു പറഞ്ഞ് താൻ ഫോൺ വച്ചു. അതുകൊണ്ടാണ് രമേശ് ചെന്നിത്തലക്കെതിരെ അന്ന് മൊഴി കൊടുക്കാതെ ഇരുന്നതെന്നും ബിജു രമേശ് പറഞ്ഞു.അതുകഴിഞ്ഞ് രമേശ് ചെന്നിത്തലയും തന്നെ ഫോണിൽ വിളിച്ചു. അങ്ങനെ അഭ്യർത്ഥിച്ച രമേശ് ചെന്നിത്തല തനിക്കെതിരെ തിരിയുകയും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു. കെ പി സി സി പ്രസിഡന്റാണ് കോൺഗ്രസിനെ നിർണയിക്കുന്ന ഘടകം. പങ്കുകച്ചവടത്തിന്റെ ഭാഗമായാണ് ചെന്നിത്തല പണം വാങ്ങിയത്. ഈ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്നും സർക്കാർ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടാൽ മതിയെന്നും ബിജു രമേശ് ആരോപിച്ചു.ഒന്നും രണ്ടും രൂപയുടെ പിരിവല്ല നടന്നത്. അഞ്ച് വർഷം കൊണ്ട് ലക്ഷങ്ങളാണ് കൊളളയടിച്ചത്. അന്വേഷണവുമായി സഹകരിക്കും പക്ഷേ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ബാർക്കോഴ ഇടപാടിനായി പണം പിരിച്ചത് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പിരിച്ച പണം എങ്ങോട്ടേക്കാണ് പോയതെന്നാണ് കണ്ടെത്തേണ്ടതെന്നും ബിജു രമേശ് കൂട്ടിച്ചേർത്തു.രാധാകൃഷ്‌ണനും സന്തോഷുമാണ് ചെന്നിത്തലയ്‌ക്ക് പണം കൊടുക്കാൻ പോയത്. പണം കൊണ്ടു കൊടുത്തപ്പോൾ അകത്തെ മുറിയിൽ വയ്‌ക്കാൻ പറഞ്ഞു. പണം വാങ്ങിയിട്ട് ഒരു ചിരി പോലും ചിരിച്ചില്ല. ഒരു കോടി രൂപയാണ് ചെന്നിത്തലയ്‌ക്ക് കൊടുത്തത്.കെ.ബാബുവും ചെന്നിത്തലയും ശിവകുമാറും എല്ലാം കേസ് കൊടുത്താൽ നേരിടേണ്ടത് താനാണ്. 1.80 കോടി രൂപയുടെ ചെക്കാണ് അഭിഭാഷകന് നൽകിയത്. സുപ്രീംകോടതിയിൽ കേസ് നടക്കുമ്പോൾ 12 ലക്ഷം രൂപ വച്ചാണ് ഒരു ദിവസം കൊടുക്കേണ്ടത്. അതിനായി ഇവിടെ നിന്നും അഡ്വക്കേറ്റ് പോണം അല്ലെങ്കിൽ അവിടെ സീനിയർ അഡ്വക്കേറ്റിനെ ഇറക്കണം.കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് നാലോ അഞ്ച് ദിവസം അടുപ്പിച്ച് സുപ്രീംകോടതിയിൽ കേസുണ്ടായിരുന്നു. കപിൽ സിബലിനെ ഇറക്കിയാണ് അവർ കേസ് നടത്തിയത്. ആ കേസ് നടത്താനായി ചീഫ് സെക്രട്ടറിയും എ ജിയുമടക്കം 22 പേരോ മറ്റോ ആണ് ഡൽഹിയിലേക്ക് പോയത്. ഇത്രയും പേർ ഒരു കേസ് നടത്താൻ പോയത് ആദ്യത്തെ സംഭവമാണ്. അവർ കപിൽ സിബലിനെ ഇറക്കുമ്പോൾ അവരോട് പിടിച്ചു നിൽക്കുന്ന അഭിഭാഷകനെ നമ്മളും ഇറക്കണമെന്നും ബിജു രമേശ് പറയുന്നു.ബാർക്കോഴ കേസിൽ തന്നെ കൊച്ചിക്ക് വിളിച്ചുവരുത്തി ആവേശത്തോടെ മൊഴി എടുത്ത വിജിലൻസ് എസ് പിക്ക് ഉച്ചയോടെ ഒരു ഫോൺ വന്നു. അതോടെ അദ്ദേഹത്തിന്റെ ആവേശം തണുത്തു. കേസ് അന്വേഷണം അധികം മുന്നോട്ട് കൊണ്ടു പോകേണ്ട എന്ന നിർദേശമാണ് അദ്ദേഹത്തിന് ലഭിച്ചത്. തന്നോട് രണ്ട് ദിവസം മൊഴിയെടുക്കാൻ കൊച്ചിയിൽ നിൽക്കണം എന്നു പറഞ്ഞിട്ട് ഉച്ചയ്ക്ക് തന്നെ പറഞ്ഞു വിട്ടു. വി എം സുധീരൻ കെ പി സി സി അദ്ധ്യക്ഷനായിരുന്ന കാലത്ത് ഒരൊറ്റ ഫോൺ കോളിലാണ് 418 ബാറുകളുടെ ലൈസൻസ് തടഞ്ഞത്. അത്രയും പവറുളള ആളാണ് കെ പി സി സി അദ്ധ്യക്ഷൻ. അപ്പോൾ ചെന്നിത്തല എന്തൊക്കെ ചെയ്‌തുവെന്ന് അന്വേഷിച്ചാൽ മനസിലാവുമെന്നും ബിജു രമേശ് പറഞ്ഞു.മദ്യം ചോദിച്ച് സ്വപ്‌നയും വിളിച്ചുഎംബസി ജീവനക്കാർക്ക് മദ്യം ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് തന്നെ വിളിച്ചിരുന്നുവെന്ന് ബിജു രമേശ് ആരോപിക്കുന്നു. എംബസിയുടെ പി ആർ ഒയാണ് മദ്യം വാങ്ങി കൊണ്ടുപോയതെന്നും അദ്ദേഹം വെളിപ്പെടുത്തി.