Crime
സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ പീഡനം. പുറത്തുപറയരുതെന്ന് വിദ്യാർഥികളെ അക്രമിസംഘം ഭീഷണിപ്പെടുത്തി

കല്പറ്റ: സിദ്ധാർത്ഥനെ വിവിധ ഇടങ്ങളിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചതായി കണ്ടെത്തി. പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റൽ, കോളേജിനു സമീപത്തുള്ള കുന്ന്, ഹോസ്റ്റലിന്റെ നടുമുറ്റം, ഡോർമെറ്ററി തുടങ്ങി നാലു സ്ഥലങ്ങളിൽ വെച്ചാണ് സിദ്ധാർഥനെ ക്രൂരമായി മർദിച്ചതെന്നാണ് കോളേജിലെ റാഗിങ് വിരുദ്ധ സ്ക്വാഡിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ബെൽറ്റുകൊണ്ട് ഒട്ടേറെത്തവണ മർദിച്ചു, ചവിട്ടി താഴെയിട്ടു. ഡോർമെറ്ററിയിലെ കട്ടിലിൽ ഇരുന്നപ്പോൾ അവിടെ വെച്ചും മർദിച്ചു. മുറിക്കകത്ത് കിടന്നുറങ്ങുകയായിരുന്ന മറ്റൊരു വിദ്യാർഥിയെ വിളിച്ചുണർത്തി. ഇങ്ങനെയായിരിക്കും സംഭവിക്കുക എന്ന് മുന്നറിയിപ്പുനൽകുന്ന രീതിയിൽ മർദിക്കുന്നത് കാണിച്ചുകൊടുത്തതായും തെളിവ് ലഭിച്ചു.
സിദ്ധാർഥന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരെ ഭീഷണിപ്പെടുത്തി നിർബന്ധിച്ച് അടിപ്പിച്ചു. മുറിയിലെ വെള്ളം തുടപ്പിക്കുകയും ചെയ്തു. പുറത്തുപറയരുതെന്ന് വിദ്യാർഥികളെ അക്രമിസംഘം ഭീഷണിപ്പെടുത്തി.മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമർദനമാണ് നടന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.