Crime
സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ അനുഗമിച്ച മുതിര്‍ന്ന സിപിഎം നേതാവിനെ മജിസ്ട്രേറ്റ് ഇറക്കിവിട്ടു

കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ അനുഗമിച്ച മുതിര്‍ന്ന സിപിഎം നേതാവിനെ മജിസ്ട്രേറ്റ് ഇറക്കിവിട്ടെന്ന് വിവരം. ബുധനാഴ്ച അറസ്റ്റിലായ ആറുപേരെ ഹാജരാക്കുമ്പോഴായിരുന്നു സംഭവം. മജിസ്ട്രേറ്റ് ഉണ്ടായിരുന്ന സ്ഥലത്തേക്ക് പൊലീസിനും പ്രതികൾക്കുമൊപ്പം കയറിയ നേതാവിനെ കോടതി ജീവനക്കാർ വിലക്കിയെങ്കിലും ഇയാൾ പിന്മാറാൻ തയ്യാറായില്ല.ആരാണ് തടയാൻ എന്ന് ജീവനക്കാരോട് കയര്‍ത്ത് ചോദിച്ച നേതാവ് പൊലീസ് ഇടപെട്ടിട്ടും പിന്മാറിയില്ല.
പ്രതികളെ കോടതിയിൽ ഹാജരാക്കിയത് വളരെ വൈകിയെന്ന് പറയാൻ വേണ്ടിയാണ് മജിസ്ട്രേറ്റിന് അടുത്തേക്ക് സിപിഎം നേതാവ് കയറിപ്പോയത്. എന്നാൽ മജിസ്ട്രേറ്റ് തന്നെ നേതാവിനോട് മുറിക്ക് പുറത്ത് ഇറങ്ങാൻ നിര്‍ദ്ദേശം നൽകുകയായിരുന്നു. മജിസ്ട്രേറ്റ് പറഞ്ഞതോടെ നേതാവ് പുറത്തിറങ്ങിപ്പോയി.
രണ്ട് സിപിഎം നേതാക്കളാണ് പ്രതികളെ ഹാജരാക്കാൻ എത്തിച്ചപ്പോൾ കോടതിയിലെത്തിയത്. എന്നാൽ ഇവരിൽ ഒരാൾ മാത്രമാണ് അകത്തേക്ക് കയറിയത്.