Gulf
ഫോർ മൈ ലവ്- 13 ദമ്പതിമാർക്ക് പ്രവാസ സമൂഹത്തിൻ്റെ സ്നേഹ സ്വീകരണം

ദോഹ: പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കൽ പോലും സ്വന്തം ജീവിത പങ്കാളിക്ക് തങ്ങൾ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത 13 പ്രവാസികൾക്കും അവരുടെ ഭാര്യമാർക്കും ഖത്തറിലെ പ്രവാസ സമൂഹം ഗംഭീര സ്വീകരണം നൽകി. ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ഇരുന്നൂറിലേറെ ക്ഷണിക്കപ്പെട്ടവർ പങ്കെടുത്ത സ്വീകരണ പരിപാടിയിൽ 13 ദമ്പതിമാരെയും അഞ്ച് ദീർഘകാല പ്രവാസികളെയും ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ആദരിച്ചു.
തലമുറകളെ വാർത്തെടുക്കാൻ സ്വന്തം ജീവിതം കൊണ്ട് ത്യാഗം ചെയ്ത ആദ്യകാല പ്രവാസികൾ എല്ലാവർക്കും പ്രചോദനവും അവരെ ആദരിക്കാനുള്ള ഏതൊരു ശ്രമവും ഏറെ അഭിനന്ദനാർഹവുമാണെന്ന് അംബാസഡർ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ഇഴയടുപ്പത്തിൻ്റെ നേർസാക്ഷ്യം കൂടിയാണ് നമ്മുടെ ആദ്യകാല പ്രവാസികൾ. ഒരു രാജ്യമെന്ന നിലയ്ക്ക് പതിറ്റാണ്ടുകൾക്കുമുമ്പേ ഇന്ത്യക്കാരെ സ്വാഗതം ചെയ്ത ഖത്തർ പ്രത്യേക കൃതജ്ഞതയർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോർക്ക ഡയരക്ടർ സി.വി. റപ്പായി, ഐ സി ബി എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡൻ്റ് ഇ. പി. അബ്ദുറഹ്മാൻ, ഐ ബി പി സി വൈസ് പ്രസിഡൻ്റ് കെ.പി. അശ്റഫ് എന്നിവർ സംസാരിച്ചു. ഖത്തറിലെ ബിസിനസ് – മാധ്യമ- സാംസ്കാരിക – സംഘടനാ ഭാരവാഹികൾ, പഴയ കാല പ്രവാസികൾ തുടങ്ങിയവർ ആശംസകൾ നേർന്നു.

പ്രതികൂല ജീവിത സാഹചര്യങ്ങൾ മൂലം പതിറ്റാണ്ടുകൾ തങ്ങളുടെ കുടുംബങ്ങളിൽ നിന്നും അകലെ ജീവിക്കേണ്ടി വരുന്ന പ്രവാസികളിൽ നിന്നും ഏതാനും പേർക്ക് തങ്ങളുടെ പ്രിയ ഭാര്യമാരെ ആദ്യമായി കുറച്ചു ദിവസത്തേക്കെങ്കിലും ഖത്തറിലേക്ക് കൊണ്ടുവരാനും ഒരുമിച്ച് ഖത്തർ കാണാനും അവസരമൊരുക്കിയത് ഖത്തറിലെ ജനകീയ റേഡിയോ – റേഡിയോ മലയാളം 98.6 എഫ് എമ്മും ഏതാനും വാണിജ്യ സ്ഥാപനങ്ങളും ചേർന്നാണ്. 2018 ൽ തുടക്കമിട്ട ഫോർ മൈ ലവ് – ഞാനും ഞാനുമെൻ്റാളും എന്ന പരിപാടിയുടെ നാലാം സീസണാണ് മാർച്ച് ഒന്നു മുതൽ എട്ടുവരെ നടക്കുന്നത്.

ചുരുങ്ങിയത് ഇരുപത്തിയഞ്ച് വർഷമെങ്കിലുമായി ഖത്തറിൽ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളിൽ നിന്നും റേഡിയോ ശ്രോതാക്കൾ നാമനിർദ്ദേശം ചെയ്ത 13 പേരുടെ ഭാര്യമാരാണ് ഇത്തവണ ഖത്തറിലെത്തിയത്. മാർച്ച് മുതൽ 8 വരെ നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി ദമ്പതികൾക്ക് പ്രമുഖർ പങ്കെടുക്കുന്ന പ്രവാസ മലയാളത്തിന്റെ പ്രത്യേക ആദരിക്കൽ ചടങ്ങിനു പുറമെ, ഖത്തറിലെ വിവിധ കൂട്ടായ്മകളും സ്ഥാപനങ്ങളും നല്കുന്ന സ്വീകരണങ്ങൾ, രാജ്യത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം, നിരവധി സമ്മാനങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 2018ലും 2019 ലും 2023 ലും യഥാക്രമം പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഭാര്യമാരെ കൊണ്ടുവന്നതിന്റെ തുടർച്ചയായാണ് സീസൺ 4 സംഘടിപ്പിച്ചത്.
റേഡിയോ മലയാളം & ക്യുഎഫ് എം വൈസ് ചെയർമാൻ കെ സി അബ്ദുൽ ലത്വീഫ്, സി ഇ ഒ അൻവർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. ഡപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുറഹ്മാൻ നന്ദി പറഞ്ഞു. സംഗീത പരിപാടിയും അരങ്ങേറി.