Crime
അറസ്റ്റിലായ മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ജാമ്യം. കേസ് ഇന്ന് കാലത്ത് വീണ്ടും പരിഗണിക്കും

കോതമംഗലം: കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിലെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേസ് ഇന്ന് രാവിലെ 11 വീണ്ടും പരിഗണിക്കും. തുറന്ന കോടതിയിലായിരിക്കും വാദം.
ശമ്പള പ്രതിസന്ധിയിൽ സർക്കാർ നേരിടുന്ന പ്രതിസന്ധിയിൽ നിന്നും പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ നിന്നും ഉൾപ്പെടെ ശ്രദ്ധ തിരിക്കാനാണ് പൊലീസിന്റെ നടപടിയെന്ന് ജാമ്യം നേടിയ ശേഷം മാത്യു കുഴൽനാടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസാണ് പ്രകോപനം സൃഷ്ടിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെ രാത്രി 11ഓടെ ഉപവാസ സമരം തുടങ്ങിയ വേദിയിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മാത്യു കുഴൽനാടനെ വൈദ്യപരിശോധനയ്ക്കായി കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഗതാഗത തടസമുണ്ടാക്കിയതിനും മൃതദേഹത്തോട് അനാദരവ് കാട്ടിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇന്നലെ രാത്രി കേസെടുത്തിരുന്നു. അറസ്റ്റ് ചെറുക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തി പ്രയോഗവും ഉണ്ടായി. ഇതിനിടെ ഒരു പൊലീസ് ജീപ്പും തല്ലി തകർത്തു. തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് സംഘർഷം ഉടലെടുത്തിരുന്നു, .
13 പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇന്നലെ രാത്രി 11ഓടെ കസ്റ്റഡിയിലെടുത്തിരുന്നു.
കനത്ത സുരക്ഷയിലാണ് കോതമംഗലം നഗരം. പത്തോളം ബസുകളിൽ പൊലീസുകാരെ എത്തിച്ചിട്ടുണ്ട്.
ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, എൽദോസ് കുന്നപ്പിള്ളി, മാത്യു കുഴൽനാടൻ തുടങ്ങിയവരെ പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജാമ്യം ലഭിച്ച മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസുമുൾപ്പെടെയുള്ള നേതാക്കൾ വീണ്ടും സമര പന്തലിലെത്തി സമരം ആരംഭിച്ചു. പുലർച്ചെ രണ്ട് മണിക്കാണ് ഇവർക്ക് ജാമ്യം ലഭിച്ചത്