Crime
ശിവ ശങ്കറിനെ കസ്റ്റംസും അറസ്റ്റ് ചെയ്തു. കസ്റ്റഡി അപേക്ഷ നൽകും

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പ്രിവന്റീവ് വിഭാഗം സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരാണ് എറണാകുളം ജില്ലാ ജയിലിലെത്തി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകും. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ശിവശങ്കറിനെ കസ്ററഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്തേ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ ഉളള ഒരു പ്രതിയെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകി അനുമതി വാങ്ങേണ്ടതുണ്ട്. അതനുസരിച്ചായിരിക്കും തുടർനടപടി.
സ്വപ്ന സുരേഷിനെ ഏറ്റവും ഒടുവിൽ കസ്റ്റംസ് ചോദ്യം ചെയ്തപ്പോഴാണ് ശിവശങ്കറുമായി ബന്ധപ്പെട്ടുളള നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്ന വിവരം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിന് നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നു അത് തെളിയിക്കുന്നതിനുളള തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ എന്ത് തെളിവാണ് എന്നറിയിച്ചിട്ടില്ല. നേരത്തേ കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം കസ്റ്റംസ് നടത്തിയിരുന്നു. അന്ന് ഒന്നും ലഭിക്കാത്ത പുതിയ തെളിവ് ലഭിച്ചു എന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
നേരത്തേ ഇ.ഡി. സ്വപ്ന സുരേഷിനെ തിരുവനന്തപുരത്തെ ജയിലിൽ ചോദ്യം ചെയ്തപ്പോൾ കൂടുതൽ പങ്കാളിത്തം സംബന്ധിച്ച് മൊഴി നല്കിയെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ എം.ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓപീസിലെ അദ്ദേഹത്തിന്റെ ടീമിനും അറിവുണ്ടായിരുന്നുവെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയെയും ശിവശങ്കറിനെയും വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് കൂടുതൽ തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.. അടുത്ത ദിവസം തന്നെ കസ്റ്റഡി അപേക്ഷ കസ്റ്റംസ് കോടതിയിൽ സമർപ്പിക്കും.