Connect with us

Crime

നടിയെ അക്രമിച്ച കേസിൽ പ്രതിഭാഗത്തിന് അനുകൂല മൊഴി നൽകിയാൽ 25 ലക്ഷം വാഗ്ദാനം

Published

on


മണ്ണുത്തി: നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നൽകിയാൽ അഞ്ചു സെന്റ് ഭൂമിയും 25 ലക്ഷം രൂപയും നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി. സാക്ഷികളിൽ ഒരാളും പൾസർ സുനിയുടെ സഹതടവുകാരനുമായിരുന്ന തൃശൂർ ചുവന്നമണ്ണ് നെല്ലിക്കൽ ജിൻസനാണ് (40) പീച്ചി പൊലീസിൽ പരാതി നൽകിയത്. ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞ പ്രകാരം കൊല്ലം സ്വദേശി നാസറാണ് കഴിഞ്ഞ ജനുവരിയിൽ ഫോണിൽ വിളിച്ചതെന്ന് പരാതിയിൽ പറയുന്നു.

ഈ സാഹചര്യത്തിൽ ജീവന് ഭീഷണിയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇ മെയിൽ വഴി ഇന്നലെ വൈകിട്ടാണ് പരാതി നൽകിയത്. പിന്നീട് ജിൻസൻ സ്റ്റേഷനിലേക്ക് വിളിച്ചു. ഭാര്യയ്ക്ക് കൊവിഡ് ഉളളതിനാൽ ജിൻസൻ ക്വാറന്റൈനിലാണ്. അതിനാൽ നേരിട്ട് സ്റ്റേഷനിലെത്താനായില്ല. പരാതി സ്വീകരിച്ചിട്ടുണ്ടെന്നും പ്രാഥമികനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ ഫോൺ വിളിച്ച ശേഷം ഇപ്പോൾ പരാതിപ്പെട്ടത് എന്തുകൊണ്ടാണെന്നത് അടക്കമുളള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും.

പൾസർ സുനി ജയിലിൽ കഴിയുന്നതിനിടെ മറ്റൊരു കേസിൽ പ്രതിയായി ജിൻസൻ ജയിലിൽ ഉണ്ടായിരുന്നു. അന്ന് കേസുമായി ബന്ധപ്പെട്ട് പല വിവരങ്ങളും പൾസർ സുനി ജിൻസനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ മൊഴിയായി പൊലീസിന് നൽകിയിട്ടുണ്ട്. ദിലീപിനെ പ്രതി ചേർക്കുന്നതിലേക്കും രണ്ടാം ഘട്ടം കേസന്വേഷണം നീങ്ങിയതിലേക്കും ജിൻസന്റെ മൊഴികൾ നിർണ്ണായകമായിരുന്നു.

Continue Reading