KERALA
പിതാവിനെ ഓർമ്മയുണ്ടായിരുന്നെങ്കിൽ വർഗീയ പാർട്ടിക്കൊപ്പം പത്മജ പോകില്ലാതിരുന്നു എന്ന് രാഹുൽകോൺഗ്രസിന് ഒരു ക്ഷീണവുമുണ്ടാകില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ലീഡറുടെ പാരമ്പര്യം മകൾ മനസിലാക്കണമായിരുന്നുവെന്നും പിതാവിനെ ഓർമ്മയുണ്ടായിരുന്നെങ്കിൽ വർഗീയ പാർട്ടിക്കൊപ്പം പോകില്ലാതിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും അവസരങ്ങൾ കിട്ടിയ നേതാക്കൾ പാർട്ടിയിൽ ചുരുക്കമാണെന്നും രാഹുൽ പറഞ്ഞു.
പത്മജ ബിജെപിയിലേക്ക് പോയാൽ കോൺഗ്രസിന് ഒരു ക്ഷീണവുമുണ്ടാകില്ലെന്നായിരുന്നു സഹോദരൻ കൂടിയായ കെ മുരളീധരൻ എം പി പറഞ്ഞു. പാർട്ടി വിടുന്നത് സംബന്ധിച്ച് ഒരു സൂചനയും തനിക്ക് പത്മജ നൽകിയിട്ടില്ലെന്നും ഫോണിൽ വിളിക്കാൻ ശ്രമിച്ചിട്ട് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മുതൽ പത്മജ തന്നെ ഫോണിൽ ബ്ളോക്കുചെയ്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയിൽ ചേരുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള കോൺഗ്രസിന്റെ അനുനയ നീക്കങ്ങൾ പത്മജ തള്ളി. കെസി വേണുഗോപാൽ സംസാരിച്ചെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പത്മജ അറിയിച്ചതായാണ് സൂചന. അതിനിടെ ബിജെപി പ്രവേശനത്തിന് മുന്നോടിയായി ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും കോൺഗ്രസുമായി ബന്ധപ്പെട്ട വിവരങ്ങൾ പത്മജ നീക്കി. ഇന്ത്യൻ പൊളിറ്റിഷൻ ഫ്രം കേരളയെന്നാണ് ഫേസ്‌ബുക്കിൽ പുതുതായി ചേർത്തത്.
പത്മജ ഇന്ന് ഉച്ചയ്ക്കുമുമ്പുതന്നെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. രാജ്യസഭാ സീറ്റും പാർട്ടി പദവിയുമുൾപ്പടെ പത്മജയ്ക്ക് നൽകിയേക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് ഉറപ്പ് ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിവോടെയാണ് പത്മജ വേണുഗോപാലിനെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കം നടത്തിയത്. എന്നാൽ ഇതുസംബന്ധിച്ച് ഒരു അറിവും ബിജെപി സംസ്ഥാന നേതൃത്വത്തിന് ഉണ്ടായിരുന്നില്ല . ദേശീയ നേതൃത്വവുമായി ഏറെ അടുപ്പമുള്ള കേരളത്തിലെ ഒരു നേതാവാണ് ഇതിനുവേണ്ടി ചരടുവലിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബിജെപി പ്രവേശനം സംബന്ധിച്ച് പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദ പത്മജയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.