Crime
അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്ക് കൈമാറി

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി എ.അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിര്‍ണായക രേഖകളുടെ പകര്‍പ്പ് പ്രോസിക്യൂഷന്‍ ഇന്നു വിചാരണക്കോടതിക്ക് കൈമാറി. പുനര്‍നിര്‍മിച്ച രേഖകള്‍ ഹാജരാക്കുന്നതിനെ പ്രതിഭാഗം എതിര്‍ത്തെങ്കിലും കോടതി ഇത് അനുവദിച്ചില്ല. രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുന്നതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്നും നേരത്തെ ലഭിച്ച രേഖകളില്‍നിന്ന് എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ അക്കാര്യം ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.
വിചാരണ കോടതിയില്‍നിന്നു കാണാതായ 11 രേഖകളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പുകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസ് വീണ്ടും ഈ മാസം 25നു പരിഗണിക്കും.
മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യു 2018 ജൂണ്‍ ഒന്നിനാണ് ക്യാംപസില്‍ വച്ച് കൊല്ലപ്പെട്ടത്. ക്യാംപസ് ഫ്രണ്ട്‌പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
അഭിമന്യുവിനെ കുത്തിപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയായിരുന്നു പ്രധാനപ്പെട്ട രേഖകള്‍ വിചാരണ കോടതിയില്‍ നിന്ന് നഷ്ടമായത്. രേഖകള്‍ നഷ്ടമായതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും അഭിമന്യുവിന്റെ കുടുംബവും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു.
2019ലാണ് കേസിലെ രേഖകള്‍ നഷ്ടമായതെന്ന് കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് രേഖകള്‍ പുനര്‍നിര്‍മിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരത്തില്‍ രേഖകള്‍ നഷ്ടപ്പെടുന്നതും മറ്റെവിടെയെങ്കിലും ഉണ്ടാവുന്നതുമൊക്കെ സാധാരണമാണ്. അത് ഈ കേസിന്റെ കാര്യത്തില്‍ മാത്രമായി കണക്കാക്കാന്‍ കഴിയില്ല. രേഖകള്‍ നഷ്ടമായതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. നിലവില്‍ വിചാരണ നടപടികള്‍ ഇതുമൂലം വൈകില്ലെന്നും കോടതി വ്യക്തമാക്കി.