Crime
സിപിഐക്ക് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നോട്ടീസ്. ടൊവിനോ തോമസിന്‍റെ ചിത്രം തെരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിക്കരുത്

തൃശൂര്‍: നടൻ ടൊവിനോ തോമസിന്‍റെ ചിത്രം തെരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിക്കരുതെന്ന് ചൂണ്ടി കാട്ടി സിപിഐക്ക് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നോട്ടീസ്. തൃശൂരിലെ ഇടത് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ ടൊവിനോയുമൊത്തുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നോട്ടീസ്. തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഇതുസംബന്ധിച്ച് സിപിഐയ്ക്ക് നോട്ടീസ് നൽകി.
താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്നും തന്‍റെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിക്കരുത്, അത് നിയമവിരുദ്ധമാണെന്നും ടൊവിനോ വ്യക്തമാക്കിയതോടെ വിഎസ് സുനില്‍കുമാര്‍ ഫോട്ടോകള്‍ പിൻവലിച്ച് ഇക്കാര്യത്തില്‍ തിരുത്തല്‍ നടത്തിയിരുന്നു. വി.എസ് സുനില്‍കുമാറിന്‍റേയും സിപിഐ ജില്ലാ സെക്രട്ടറിയുടേയും വിശദീകരണം കേട്ട ശേഷമാണ് നടപടി. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ഇരുവരും വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ സുനില്‍ കുമാറിനെതിരെ എൻഡിഎ കളക്ടര്‍ക്ക് പരാതി നല്‍കി. ഇതെത്തുടര്‍ന്നാണിപ്പോള്‍ സിപിഐക്ക് നോട്ടീസ് വന്നിരിക്കുന്നത്.