Crime
മാര്‍ഗംകളി മത്സരത്തില്‍ അര്‍ഹിച്ചവര്‍ക്കു തന്നെയാണ് ഒന്നാം സ്ഥാനം നല്‍കിയതെന്ന് വിധികര്‍ത്താക്കളുടെ മൊഴി

തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തിലെ വിവാദമായ മാര്‍ഗംകളി മത്സരത്തില്‍ അര്‍ഹിച്ചവര്‍ക്കു തന്നെയാണ് ഒന്നാം സ്ഥാനം നല്‍കിയതെന്ന് വിധികര്‍ത്താക്കളുടെ മൊഴി പൊലീസിന്. ഒന്നാം സ്ഥാനം ലഭിച്ച മാര്‍ ഇവാനിയോസ് കോളജിന് 3 വിധികര്‍ത്താക്കളും നല്‍കിയത് ഏറെക്കുറെ ഒരേ മാര്‍ക്ക് തന്നെയാണെന്നും സൂചന ലഭിച്ചു.
മാര്‍ഗംകളിയില്‍ ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലായതിനു പിന്നാലെ വിധികര്‍ത്താക്കളില്‍ ഒരാളായ പി.എന്‍.ഷാജി ആത്മഹത്യ ചെയ്തിരുന്നു. മറ്റു രണ്ടു വിധികര്‍ത്താക്കളാണ് വിധിയില്‍ അട്ടിമറി നടന്നിട്ടില്ലെന്ന് കന്റോണ്‍മെന്റ് പൊലീസിനെ അറിയിച്ചത്.
ഷാജി ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മത്സരത്തിനു ശേഷം അദ്ദേഹത്തെ മര്‍ദിച്ചിരുന്നതായി ആരോപണമുയർന്നിരുന്നു. ഇതിനായി പരിശീലകരില്‍ നിന്ന് ഷാജി പണം കൈപ്പറ്റിയെന്നും അവര്‍ ആരോപിച്ചിരുന്നു.