Connect with us

Crime

അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുൻപിൽ സമരം ചെയ്യുമെന്നു സിദ്ധാർത്ഥിന്റെ പിതാവ്

Published

on

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ ബിരുധവിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്ന് പിതാവ് ജയപ്രകാശ് ആരോപിച്ചു. അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുൻപിൽ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .

‘മകന്റെ മരണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വിശ്വാസമുളള സ്ഥലത്താണ് വന്നത്. കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെയും കണ്ടിരുന്നു. ഇപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കണ്ടു. ശരിക്കും ഭരണപക്ഷത്തുളളവരുടെ അടുത്താണ് നീതിക്കായി പോകേണ്ടത്. പോയിക്കഴിഞ്ഞാൽ ഏത് സ്ഥിതിയാകുമെന്ന് നിങ്ങൾക്ക് തന്നെ അറിയാമല്ലോ.

സിബിഐ അന്വേഷണത്തിന് എത്തുമെന്നാണ് ഇപ്പോഴും പറയുന്നത്. കഴിഞ്ഞ ദിവസം ആന്റിറാഗിംഗ് സ്‌ക്വാഡ് പുറത്തുവിട്ട അന്തിമ റിപ്പോർട്ടിൽ മൂന്ന് പെൺകുട്ടികളുടെയും കുറച്ച് വിദ്യാർത്ഥികളുടെയും വിവരങ്ങൾ പറയുന്നുണ്ട്. അവർ ഇതുവരെയായിട്ടും നിയമത്തിന്റെ മുന്നിലെത്തിയിട്ടില്ല. അവരെ എന്തിനാണ് മാ​റ്റി നിർത്തുന്നത്. അറസ്​റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ മ​റ്റുനടപടിയുമായി മുന്നോട്ട് പോകും. അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുൻപിൽ സമര നടത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താൻ ഇനി ആഗ്രഹിക്കുന്നില്ല. സമരകാര്യമൊന്നും പ്രതിപക്ഷ നേതാവുമായി ചർച്ച ചെയ്തിട്ടില്ല’- ജയപ്രകാശ് പറഞ്ഞു.സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുളള ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എട്ടു മാസത്തോളം നീണ്ട പീഡനമാണ് സിദ്ധാർത്ഥ് കോളേജിൽ നേരിട്ടതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. പലപ്പോഴും സിദ്ധാർത്ഥിനെ നഗ്നനാക്കിയായിരുന്നു പീഡനം. എല്ലാ ദിവസവും കോളേജ് യൂണിയൻ പ്രസിഡന്റും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ അരുണിന്റെ മുറിയിൽ സിദ്ധാർത്ഥ് ഹാജരാകണമെന്നതായിരുന്നു ശിക്ഷ.

ഫോട്ടോഗ്രാഫർ എന്ന നിലയ്ക്ക് വിദ്യാർത്ഥികൾക്കിടയിൽ സിദ്ധാർത്ഥ് താരമായി വളരുന്നതായിരുന്നു പീഡനത്തിന് കാരണം. സിദ്ധാർത്ഥ് കോളേജിൽ നേരിട്ടത് മൂന്ന് ദിവസത്തെ ക്രൂരമർദ്ദനം എന്നായിരുന്നു ഇതുവരെ പുറത്തുവന്ന വിവരങ്ങൾ. എന്നാൽ സിദ്ധാർത്ഥിന്റെ സഹപാഠിയിൽ നിന്നുൾപ്പെടെ ശേഖരിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ആന്റി റാഗിംഗ് കമ്മിറ്റി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്. ആന്റി റാഗിംഗ് കമ്മിറ്റി 166 കുട്ടികളുടെ മൊഴിയാണ്‌ രേഖപ്പെടുത്തിയത്. എട്ടുമാസം നീണ്ടുനിന്ന പീഡന വിവരം ആന്റി റാഗിംഗ് കമ്മിറ്റിയിൽ ഉൾപ്പെട്ട അദ്ധ്യാപകർ അറിഞ്ഞിട്ടില്ല എന്നതാണ് ദുഃഖകരം.

Continue Reading