Crime
ഗ്യാൻവാപി മസ്‌ജിദിലെപൂജ സ്റ്റേ ചെയ്യണമെന്ന മസ്‌ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി തള്ളി

ന്യൂഡൽഹി: ഗ്യാൻവാപി മസ്‌ജിദിലെ പൂജയുമായി ബന്ധപ്പെട്ട കേസിൽ പള്ളിക്കമ്മിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകി. പള്ളിയിൽ ഹിന്ദുക്കളെ പൂജ ചെയ്യാൻ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചത് ചോദ്യം ചെയ‌്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.
ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകിയ സുപ്രീം കോടതി, നിലവറയിലെ പൂജയ്‌ക്ക് സ്റ്റേ അനുവദിച്ചില്ല. ജൂലായിൽ കേസിൽ അന്തിമവാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ പള്ളിക്കകത്ത് പൂജ തുടരും. ഗ്യാൻവാപിയിലെ തെക്കൻ നിലവറയിലെ പൂജ സ്റ്റേ ചെയ്യണമെന്ന മസ്‌ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറയിലെ പൂജ പള്ളിയിലെ നിസ്‌കാരത്തിന് തടസമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തൽക്കാലം രണ്ടും തുടരട്ടെ എന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം.ഗ്യാൻവാപി പള്ളിയിലെ തെക്കെ നിലവറയിൽ പൂജയ്ക്ക് അനുമതി നൽകിയ ജില്ലാ കോടതി ഉത്തരവിൽ നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീൽ തള്ളിയത്. എല്ലാ തെളിവുകളും പരിശോധിച്ചാണ് ജില്ലാ കോടതി ഉത്തരവിട്ടത്.
1993വരെ നിലവറകളിൽ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധമാണ്. ആരാധന നടത്താനുള്ള വ്യാസ് കുടുംബത്തിന്റെ അവകാശം ഹനിക്കപ്പെട്ടു. ഇത് ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.
വ്യാസ് കുടുംബത്തിന്റെ കൈവശമായിരുന്നില്ല നിലവറകൾ എന്ന പള്ളിക്കമ്മിറ്റിയുടെ വാദം കോടതി തള്ളി. നാലുദിവസം വിശദവാദം കേട്ടാണ് ഹൈക്കോടതി വിധി പറഞ്ഞത്. പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയിൽ വിഗ്രഹങ്ങളുണ്ടെന്ന് കാട്ടിയാണ് ആരാധനയ്‌ക്കുള്ള ഹർജി കോടതിയിൽ സമർപ്പിച്ചിരുന്നത്.