Crime
പാനൂർ സ്‌ഫോടനക്കേസ്; ബോംബ് നിർമാണം രാഷ്‌ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ട്

കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ നടന്ന സ്‌ഫോടനക്കേസിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബോംബ് നിർമിച്ചത് രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബോംബ് നിർമാണത്തിൽ മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉള്ളതായും പൊലീസ് സംശയിക്കുന്നുണ്ടെന്നാണ് വിവരം
രണ്ട് സംഘങ്ങൾ തമ്മിലെ കുടിപ്പക എന്നായിരുന്നു പാനൂർ സ്‌ഫോടനത്തെക്കുറിച്ച് പൊലീസ് ഇതുവരെ പറഞ്ഞിരുന്നത്. ഇതിനിടെയാണ് റിമാൻഡ് റിപ്പോർട്ടിലെ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. ഡിവൈഎഫ്‌ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവും സിപിഎം റെഡ് വോളണ്ടിയറുമായ അമൽ ബാബുവിനെതിരെ തെളിവുണ്ട്. അമൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. സ്‌ഫോടനം നടന്ന ഉടൻതന്നെ അമൽ സ്ഥലത്തെത്തിയിരുന്നു. പ്രദേശത്തുണ്ടായിരുന്ന മറ്റു ബോംബുകൾ 200 മീറ്റർ അകലെ ഒളിപ്പിച്ചു. സംഭവസ്ഥലത്ത് മണൽ കൊണ്ടുവന്നിട്ട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. ബോംബ് നിർമ്മിച്ചവരുമായി ഇയാൾ ഫോണിൽ ആശയവിനിമയം നടത്തിയതിന്റെ തെളിവുകൾ ലഭിച്ചുവെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കേസിൽ നേരിട്ട് പങ്കാളിത്തമുള്ളവരെല്ലാം പൊലീസിന്റെ പിടിയിലായിരിക്കുകയാണ്. പന്ത്രണ്ടു പ്രതികളിൽ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ വലിയപറമ്പത്ത് വി.പി.വിനീഷ് (37), ചിറക്കരണ്ടിമ്മൽ വിനോദൻ (38) എന്നിവരാണ് ചികിത്സയിൽ തുടരുന്നത്.
സ്‌ഫോടനത്തിൽ മരിച്ച ഷെറിനാണ് ഒന്നാംപ്രതി. അടുപ്പ് കൂട്ടിയപറമ്പത്ത് സബിൻ ലാൽ (25), കുന്നോത്തുപറമ്പ് കിഴക്കയിൽ കെ.അതുൽ (28), ചെണ്ടയാട് പാടാൻതാഴെ ഉറവുള്ളക്കണ്ടിയിൽ അരുൺ (28), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കണ്ടിമ്മൽ സി.സായൂജ് (24), മുളിയാത്തോട് കെ.മിഥുൻ (27), കുന്നോത്തുപറമ്പത്ത് അമൽ ബാബു (29) എന്നിവർ നേരത്തേ അറസ്റ്റിലായിയിരുന്നു.