Connect with us

Crime

രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരം മറച്ചുവെച്ചെന്ന കോൺഗ്രസിൻ്റെ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കും

Published

on

തിരുവനന്തപുരം :എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരം മറച്ചുവെച്ചെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കും. കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ്  വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യക്ഷ നികുതി ബോര്‍ഡിനോട് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.

യഥാര്‍ഥ സ്വത്തിന്റെ വിവരം മറച്ചുവെച്ചെന്ന ആരോപണമാണ് യു.ഡി.എഫ്  ഉയര്‍ത്തിയത്. ഇതിനെതിരേ സുപ്രീംകോടതി അഭിഭാഷകയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ അവനി ബെന്‍സലും തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും നേരത്തേ തിരഞ്ഞെടുപ്പുകമ്മിഷന് പരാതി നല്‍കിയിരുന്നു. ഞായറാഴ്ച ഇടതുമുന്നണിയും പരാതിയുമായി കമ്മിഷനെ സമീപിക്കുകയുണ്ടായി.

രാജ്യസഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖര്‍, 2021-’22-ല്‍ 680 രൂപയും 2022-’23-ല്‍ 5,59,200 രൂപയുമാണ് നികുതി നല്‍കേണ്ട വരുമാനമായി കാണിച്ചിരിക്കുന്നത്. വിവിധ കമ്പനികളുള്ള രാജീവ് ജോലിയായി പറഞ്ഞിരിക്കുന്നത് സാമൂഹികപ്രവര്‍ത്തനമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനുള്ള പരാതിയില്‍ അവനിയും കോണ്‍ഗ്രസും ചൂണ്ടിക്കാട്ടിയത്.
എന്നാല്‍, രാജീവിന്റെ പത്രിക വരണാധികാരി അംഗീകരിച്ചതിനാല്‍ ഇനി ഇടപെടാനാകില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആദ്യം സ്വീകരിച്ച നിലപാട്. തിരഞ്ഞെടുപ്പിനുശേഷം ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. പിന്നീടാണ് പരാതി പരിശോധിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.



Continue Reading