Connect with us

NATIONAL

മോദി നടത്തിയ പരാമർശം പെരുമാറ്റ ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.

Published

on

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം പെരുമാറ്റ ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചുമാത്രമാണ് വിശദീകരിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തൽ.
അഫ്ഗാനിസ്ഥാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ‘ഗുരുഗ്രന്ഥ സാഹിബ്’ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാരെടുത്ത നടപടികൾ അദ്ദേഹം പരാമർശിച്ചതും ചട്ടലംഘനമല്ലെന്നും കമ്മീഷൻ പറഞ്ഞു.

ഈ മാസം ഒമ്പതിന് ഉത്തർപ്രദേശിലെ പിലിഭിത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രധാനമന്ത്രി അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തെക്കുറിച്ച് നടത്തിയ പരാമർശം മാതൃക പെരുമാറ്റ ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് കമ്മിഷന് പരാതി ലഭിച്ചത്.സുപ്രീംകോടതി അഭിഭാഷകൻ ആനന്ദ് ജോൺഡെയ്ലാണ് കമ്മിഷന് പരാതി നൽകിയത്. പരാതിയിൽ തീരുമാനം വൈകിയതിൽ ആനന്ദ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153-ാം വകുപ്പ് പ്രകാരം നരേന്ദ്രമോദിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഈ ആഴ്ച പരിഗണിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സംഭവത്തിൽ പെരുമാറ്റ ചട്ടലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയത്.നരേന്ദ്രമോദി മതവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തിയിട്ടില്ല. മതത്തെക്കുറിച്ചുളള സാധാരണ പരാമർശത്തിന്റെ പേരിൽ നടപടിയെടുക്കാൻ സാധിക്കില്ല. നടപടിയെടുത്താൽ പ്രചാരണത്തിന് സ്ഥാനാർത്ഥികൾക്കുളള അവകാശം ലംഘിക്കുന്നതിന് തുല്യമാകുമെന്ന് കമ്മീഷൻ വ്യക്തമാക്കി.

Continue Reading