Crime
അന്‍വര്‍ പറഞ്ഞത് രാഷ്ട്രീയ ഡി.എന്‍.എയെക്കുറിച്ചായിരുന്നുവെന്നും ജൈവികമായ ഡി.എന്‍.എയെക്കുറിച്ചല്ലെന്നും ഗോവിന്ദന്‍

തിരുവനന്തപുരം: മുസ്ലിം മതവിഭാഗത്തിനെതിരായി വര്‍ഗീയ കലാപം സംഘടിപ്പിക്കാനുള്ള വര്‍ഗീയ ഭ്രാന്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി മുന്നോട്ടുവെച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സമനിലതെറ്റിയുള്ള പ്രസംഗമാണ് മോദി നടത്തിയതെന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ പറഞ്ഞത് രാഷ്ട്രീയ ഡി.എന്‍.എയെക്കുറിച്ചായിരുന്നുവെന്നും ജൈവികമായ ഡി.എന്‍.എയെക്കുറിച്ചല്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
ഒന്നാം ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞതോടെ, തങ്ങള്‍ ജയിക്കാന്‍ പോകുന്നില്ലെന്ന് ബിജെപിക്ക് മനസ്സിലായി. ഇതിന് പിന്നാലെയാണ് ഇത്തരത്തില്‍ വര്‍ഗീയപ്രസംഗം തുടങ്ങിയത്. കേരളത്തില്‍ രാഷ്ട്രീയം വിട്ട് അശ്ലീല പ്രചാരണത്തിലേക്ക് പോയതുപോലെ, ബി.ജെ.പി. രാഷ്ട്രീയം വിട്ട് വര്‍ഗീയതയിലേക്ക് പോയെന്നും ഗോവിന്ദന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ട് ഇത്തരത്തില്‍ ഒരു പരാതി കണ്ടതേയില്ല എന്ന രീതിയില്‍ ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പിന്നോട്ട് പോകും. 200 സീറ്റ് തികച്ച് കിട്ടില്ല. കെ.കെ. ശൈലജയ്‌ക്കെതിരേ നടന്ന അശ്ലീല പ്രചാരണത്തിന് ജനം വിധിയെഴുതുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. കെ.കെ. ശൈലജയ്‌ക്കെതിരായ അശ്ലീലപ്രചാരണം യു.ഡി.എഫ്. പ്ലാന്‍ ചെയ്ത് ചെയ്തതാണ്. മോര്‍ഫ് ചെയ്ത ചിത്രങ്ങളും എഡിറ്റ് ചെയ്ത വീഡിയോകളും ഉള്‍പ്പെടെ കുടുംബ ഗ്രൂപ്പുകളിലേക്ക് അയച്ച യു.ഡി.എഫിന്റെ അശ്ലീല സംഘത്തെ വാനോളം പുകഴ്ത്താനാണ് വി.ഡി. സതീശനും വടകര സ്ഥനാര്‍ഥി ഷാഫി പറമ്പിലും തയ്യാറായത്. ഈ അക്രമത്തെ ജനങ്ങള്‍ ശക്തിയായി എതിര്‍ക്കും. അശ്ലീലംകൊണ്ട് ഏതെങ്കിലും മണ്ഡലം ജയിക്കാമെന്നുള്ള പ്രതീക്ഷ വേണ്ട. വോട്ടെടുപ്പിന് മുമ്പ് കേരളത്തില്‍ ജയിക്കുന്ന ആദ്യത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ ശൈലജ ആയിരിക്കും, എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ബി.ജെ.പി. രണ്ടാം സ്ഥാനത്തേക്ക് വരുന്ന ഒരു മണ്ഡലവും കേരളത്തില്‍ ഇല്ല. ഇവിടെ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മത്സരം. തിരുവനന്തപുത്ത് പന്ന്യന്‍ രവീന്ദ്രനും ശശി തരൂരും തമ്മിലാണ് മത്സരം. രാജീവ് ചന്ദ്രശേഖര്‍ ഭൂപടത്തിന് പുറത്താണ്, അദ്ദേഹം പറഞ്ഞു.
പി.വി. അന്‍വറിന്റെ രാഹുല്‍ ഗാന്ധിക്കെതിരായ ആക്ഷേപവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ആ പറഞ്ഞത് രാഷ്ട്രീയ ഡി.എന്‍.എയെക്കുറിച്ചായിരുന്നുവെന്നും ജൈവികമായ ഡി.എന്‍.എയെക്കുറിച്ചല്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.”