Connect with us

Crime

ആലത്തൂര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം പുറത്തുവിട്ട് യുഡിഎഫ്

Published

on

പാലക്കാട്.. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയും സിപിഎം നേതാവുമായ കെ.രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം പുറത്തുവിട്ട് യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. സംഭവം വിവാദമായതോടെ വിഷയത്തില്‍ പോലീസ് ഇടപെട്ടു. ദൃശ്യങ്ങളിലുള്ളവരോട് സ്‌റ്റേഷനിലെത്താന്‍ ചേലക്കര പോലീസ് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ പ ഹാജരാകാനാണ് നിര്‍ദേശം.

അതേസമയം കാറില്‍നിന്ന് മാറ്റിയത് പണിയായുധങ്ങളാണ് എന്നാണ് ദൃശ്യങ്ങളിലുള്ളവര്‍ പറയുന്നത്. വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്ന് ഇടതുപ്രവര്‍ത്തകന്‍ സുരേന്ദ്രന്‍ സ്ഥിരീകരിച്ചു. ഫ്‌ളക്‌സ് വയ്‌ക്കാന്‍ പോയ മറ്റ് ചില പ്രവര്‍ത്തകരുടെ ആയുധങ്ങളാണ് വണ്ടിയിലുണ്ടായിരുന്നത്. കൊട്ടിക്കലാശത്തിന് പോകാന്‍ വണ്ടിയില്‍ കയറിയപ്പോഴാണ് ഇത് കണ്ടത്. വഴിയില്‍ പരിശോധന ഉണ്ടാകുമ്പോള്‍ പ്രശ്‌നമാകേണ്ട എന്നുകരുതി ആയുധങ്ങള്‍ മാറ്റിവച്ചതാണെന്നും സുരേന്ദ്രന്‍ പറയുന്നു.

കനമുള്ള രണ്ട് വെട്ടുകത്തിയാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആരോപിച്ചു. കെ.രാധാകൃഷ്ണന്‍ മറുപടി പറയണമെന്നും യുഡിഎഫ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് വേണ്ടിയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുധങ്ങള്‍ വെച്ചിരിക്കുന്നതെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. മന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു.

മന്ത്രിയുടെ അകമ്പടി വാഹനങ്ങളില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് രമ്യ ഹരിദാസ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും രമ്യഹരിദാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ആരോപണം നിഷേധിച്ച് ഇടതുസ്ഥാനാര്‍ഥി കെ. രാധാകൃഷ്ണനും രംഗത്തെത്തി. പ്രചാരണവാഹനത്തില്‍ ആയുധം കൊണ്ടുനടക്കുന്ന പരിപാടി തങ്ങള്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങളിലുള്ളത് ആരാണെന്നോ എന്താണ് സംഭവമെന്നോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading