Crime
വിദ്വേഷ പരാമർശത്തിൽ മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ

.
ന്യൂഡൽഹി: വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പരാമർശത്തിലാണ് വിശദീകരണം തേടിയിരിക്കുന്നത്. തിങ്കളാഴ്‌ച രാവിലെ പതിനൊന്ന് മണിക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ അറിയിക്കുന്നത്.
മോദിയുടെ വിദ്വേഷ പരാമർശത്തിൽ നടപടിയാവശ്യപ്പെട്ട് തിരഞ്ഞടുപ്പ് കമ്മിഷനുമേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത് മുസ്ളീങ്ങൾക്ക് നൽകുമെന്നായിരുന്നു മോദിയുടെ പ്രസംഗം. ‘കോൺഗ്രസ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ ആശങ്ക വർദ്ധിപ്പിക്കുന്നു. ഇത് മാവോയിസ്റ്റ് വാദമാണ്. അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ചുകൊടുക്കും. ആ പണം കൂടുതൽ കുട്ടികളുള്ളവർക്ക് വിതരണം ചെയ്യും’ എന്നായിരുന്നു മോദിയുടെ വിവാദ പരാമർശം. ഇതിനെതിരെ പ്രതിപക്ഷവും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദ്-ഉൽ-മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തിയിരുന്നു.
തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിലെ തിരിച്ചടി മനസിലാക്കി മോദി വർഗീയ കാർഡ് കളിക്കുകയാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. മോദി നാളിതുവരെ മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും ധാരാളം കുട്ടികളുള്ളവരെന്നും വിളിച്ചിട്ടുണ്ട്. 2002 മുതൽ ഇതുവരെ മുസ്ലീങ്ങളെ അധിക്ഷേപിച്ചാണ് മോദി വോട്ട് നേടിയതെന്നും ഒവൈസി വിമർശിച്ചു.അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോടും തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി.