Crime
ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ സ്വപ്‌നയുടേതല്ല ശിവശങ്കറിന്റെ കമ്മീഷനാണെന്ന് ഇ ഡി

കൊച്ചി: സ്വർണക്കടത്ത് കേസിൽ ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ സ്വപ്‌നയുടേതല്ല ശിവശങ്കറിന്റെ കമ്മീഷനാണെന്ന് എൻഫോഴ്‌സ്‌മെന്റ്. ലൈഫ് മിഷൻ അഴിമതിയിൽ യൂണിടാക്ക് ശിവശങ്കറിന് നൽകിയ കോഴയാണ് ഇതെന്ന് സ്വപ്‌ന മൊഴി നൽകിയിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. ഇക്കാരണത്താലാണ് സ്വപ്‌നയോടൊപ്പം ശിവശങ്കറിന്റെ പരിചയക്കാരനായ ചാർട്ടേഡ് അക്കൗണ്ടന്റിനെ കൂടി ലോക്കറിന്റെ ഉടമസ്ഥാവകാശത്തിൽ ഉൾപ്പെടുത്തിയതെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ വ്യക്തമാക്കി.
ഒരു കോടി രൂപയുടെ സൂക്ഷിപ്പുകാരി മാത്രമായിരുന്നു സ്വപ്‌ന സുരേഷ്. ശിവശങ്കറിന്റെ ജാമ്യഹർജിയിൽ ഇ ഡി നൽകിയ എതിർ സത്യവാങ്‌മൂലത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഉച്ചയ്‌ക്ക് ഒന്നേ മുക്കാലിനാണ് ശിവശങ്കറിന്റെ ജാമ്യ ഹർജി കോടതി പരിഗണിക്കുന്നത്. അതിനു മുന്നോടിയായാണ് നൂറ്റി അമ്പതോളം പേജുളള എതിർ സത്യവാങ്‌മൂലം എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്
കേസിന്റെ തുടക്കത്തിൽ ഷാർജ ഭരണാധികാരി തനിക്ക് സമ്മാനമായി നൽകിയതാണ് ഈ പണമെന്നായിരുന്നു സ്വപ്‌നയുടെ മൊഴി. പിന്നീട് തന്റെ പിതാവ് നൽകിയ പണമാണെന്ന് മൊഴി മാറ്റി നൽകി. എന്നാൽ ഇതൊന്നും വിശ്വസിക്കാൻ അന്വേഷണ ഏജൻസി തയ്യാറായിരുന്നില്ല. കഴിഞ്ഞ പത്താം തീയതി അട്ടക്കുളങ്ങര ജയിലിൽ വച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന സത്യം തുറന്നു പറഞ്ഞത്. ശിവശങ്കർ കമ്മീഷൻ വാങ്ങിയതുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുകളും മറ്റ് ഡിജിറ്റൽ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നു.