Connect with us

Crime

പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സി.പി.എം രക്തസാക്ഷി സ്‌മാരകം നിർമിച്ചു. 22 ന് എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും

Published

on

കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സി.പി.എം രക്തസാക്ഷി സ്‌മാരകം നിർമിച്ചു. പാനൂർ തെക്കുംമുറിയിലാണ് സ്‌മാരകം നിർമിച്ചത്. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ സ്മാരകമായി ഉയർന്ന കെട്ടിടം മെയ് 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

2015 ജൂൺ ആറിനാണ് ബോംബ് നിർമാണത്തിനിടെ ഷൈജുവും സുബീഷും കൊല്ലപ്പെട്ടത്. 2016 മുതൽ സിപിഎം ഇരുവരുടെയും രക്തസാക്ഷിദിനാചരണം ആചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം നിർമിച്ചിരിക്കുന്നത്. ബോംബ് പൊട്ടിയ സമയത്ത് സി.പി.എം നേതൃത്വം ഇവരെ തള്ളിപ്പറഞ്ഞിരുന്നു.

2016 ഫെബ്രുവരിയിൽ സിപിഎം നേതൃത്വത്തിൽ ഇരുവർക്കും സ്മാരകം നിർമിക്കാൻ ധനസമാഹരണം നടത്തി. 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു.സിപിഎം രക്തസാക്ഷികളുടെ പട്ടികയിൽ ഇരുവരുടെയും പേരുകളുണ്ട്. ആർഎസ്എസ് ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പാർട്ടിയുടെ വിശദീകരണം.

പാനൂർ ചെറ്റക്കണ്ടിയിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമാണത്തിനിടെ ആയിരുന്നു പൊട്ടിത്തെറി. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു അന്ന് സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. എന്നാൽ, മരിച്ച ഇരുവർക്കും തൊട്ടടുത്ത വർഷം രക്തസാക്ഷി പരിവേഷം നൽകുകയായിരുന്നു. ഈ ലോക സഭാ തെരഞെടുപ്പിനിടെ ബോംബ് നിർമ്മാണത്തിനിടെ പാനൂരിൽ തന്നെ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകനെയും സി.പി.എം നേതൃത്വം തള്ളി പ്പറഞ്ഞിരുന്നു. സംഭവത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർക്കും പാർട്ടി രക്തസാക്ഷി പരിവേഷം ഉടൻ തന്നെ നൽകുമെന്ന് രാഷ്ട്രീയ എതിരാളികൾ തുടക്കം മുതൽ പറഞ്ഞ് തുടങ്ങിയിരുന്നു.

Continue Reading