Crime
പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്‌ലാമിന് തൂക്കു കയർ തന്നെ. വധശിക്ഷ ഹൈക്കോടതി ശരി വെച്ചു

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ഹൈ കോടതി ശരിവെച്ചു വധശിക്ഷക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയുകയായിരുന്നു. വധശിക്ഷ റദ്ദാക്കണമെന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരിഗണിച്ചു. ഈ ഹരജി കോടതി തള്ളി.
പ്രതിയുടെ ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെയുള്ള തെളിവുകൾ അംഗീകരിച്ചാണ് കോടതി ശിക്ഷ ശരി വെച്ചത്. സാക്ഷി മൊഴിയും പ്രതിക്ക് എതിരായിരുന്നു ശാസ്ത്രീയമായും സാക്ഷി മൊഴികളും അംഗീകരിച്ചാണ് വധശിക്ഷ കോടതി ഇന്ന് അംഗീകരിച്ചത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നേരത്തെ അമിറുൾ ഇസ്‌ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപൂര്‍വങ്ങളിൽ അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
2016 ഏപ്രില്‍ 28-നാണ് പെരുമ്പാവൂർ ഇരിങ്ങോള്‍ സ്വദേശിനിയും നിയമവിദ്യാർഥിനിയുമായ ജിഷ കൊല്ലപ്പെട്ടത്. വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം ജൂൺ 16-നാണ് അസം സ്വദേശിയായ അമീറുൽ ഇസ്‌ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് അമീറുള്‍ ഇസ്‌ലാമിനെ കൊച്ചിയിലെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഈ വിധിക്കെതിരെയാണ് അമീറുല്‍ ഇസ്‌ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. താൻ നിരപരാധിയാണെന്നും തെളിവുകൾ പോലീസ് കെട്ടിച്ചമച്ചതാണെന്നും ജിഷയെ മുൻപരിചയമില്ലെന്നതടക്കമുള്ള വാദങ്ങളാണ് അമീറുളിന്റെ ഹർജിയിൽ ഉള്ളത്.