KERALA
കാലവര്‍ഷം എത്തി പ്രവചിച്ചതിലും ഒരു ദിവസം മുമ്പേ

ന്യൂഡല്‍ഹി: റെമാല്‍ ചുഴലിക്കാറ്റിന്റെ ഫലമായി തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരള തീരത്തും വടക്കുകിഴക്കന്‍ ഭാഗങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതിലും ഒരു ദിവസം മുമ്പ് ആരംഭിച്ചു. കണ്ണൂര്‍ ജില്ലവരെയാണ് നിലവില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രഖ്യാപനം. മെയ് 31-ന് സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ പെയ്യുന്നതിനാല്‍ മെയ് മാസത്തില്‍ അധിക മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
ബുധനാഴ്ച തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയാണ് പെയ്തത്. പകല്‍ തോരാതെപെയ്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും വെള്ളംപൊങ്ങിയിരുന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരമുള്‍പ്പെടെ നഗരം വെള്ളത്തിലായി. ജില്ലയില്‍ എട്ട് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. തോടുകള്‍ മിക്കവയും കരകവിഞ്ഞു. നഗരത്തില്‍ ഗതാഗതവും തടസ്സപ്പെട്ടു. നഗരത്തില്‍ ഉച്ചവരെ 68 മില്ലീമീറ്റര്‍ മഴപെയ്തു.
കനത്തമഴയില്‍ കൊച്ചി നഗരത്തിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി. ഇന്‍ഫോപാര്‍ക്കിനുചുറ്റം വെള്ളംകയറിയതോടെ ജീവനക്കാര്‍ക്ക് തിരിച്ചുപോകാന്‍പറ്റാത്ത അവസ്ഥയായി. ഐ.ടി. കമ്പനികളേറെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുകയാണ്.
നിലവില്‍ എല്‍ നിനോ പ്രതിഭാസം തന്നെയാണ് നിലനില്‍ക്കുന്നതെന്നും ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ ലാ നിന ആരംഭിക്കുമെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്.