NATIONAL
രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന സ്ഥാനാർഥികൾക്ക് മാത്രം വോട്ടിങ് മെഷിനുകളിലെ കൺട്രോളർ യൂണിറ്റ് പരിശോധിക്കാൻ അവസരംസ്ഥാനാർഥികൾ നാല്പതിനായിരം രൂപയും ജിഎസ്ടിയും നൽകണം.

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് മെഷിനുകളിലെ മൈക്രോ കൺട്രോളർ യൂണിറ്റ് പരിശോധിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി. രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന സ്ഥാനാർഥികൾക്ക് ആണ് വോട്ടിങ് മെഷിനുകളിലെ കൺട്രോളർ യൂണിറ്റ് പരിശോധിക്കുന്നതിനുള്ള അവസരം ഉണ്ടാകുക.
ഇതിനായി സ്ഥാനാർഥികൾ നാല്പതിനായിരം രൂപയും ജിഎസ്ടിയും നൽകണം. 18 ശതമാനം ആണ് ജിഎസ്ടി തുക. കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയുടെ പരിശോധനയ്ക്കാണ് ഈ തുക സ്ഥാനാർഥികൾ നൽകേണ്ടത്. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ഈ തുക സ്ഥാനാർഥികൾക്ക് മടക്കി നൽകും. വോട്ടിങ് മെഷിനിൽ ക്രമക്കേട് ഉണ്ടെന്ന സംശയം ഉണ്ടെങ്കിൽ ഫലപ്രഖ്യാപനം നടന്ന് ഏഴ് ദിവസത്തിനുള്ളിൽ കൺട്രോളർ യൂണിറ്റ് പരിശോധിക്കണമെന്ന് രണ്ടും മൂന്നും സ്ഥാനത്തെത്തിയ സ്ഥാനാർഥികൾക്ക് ആവശ്യപ്പെടാം. അതായത് ജൂൺ 10 വരെയാണ് പരിശോധന ആവശ്യപ്പെടാനുള്ള സമയപരിധി.
ലോക്സഭ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഓരോ നിയമസഭാമണ്ഡലത്തിലേയും അഞ്ച് ശതമാനം വോട്ടിങ് മെഷിനുകൾ പരിശോധിക്കാൻ സ്ഥാനാർഥികൾക്ക് ആവശ്യപ്പെടാം. സ്ഥാനാഥികളുടേയും വോട്ടിങ് മെഷിൻ നിർമ്മാതാക്കളുടെയും എൻജിനിയർമാ രുടെയും സാന്നിധ്യത്തിലാകും പരിശോധന നടക്കുന്നത്.രണ്ട് മാസത്തിനുള്ളിൽ പരിശോധന നടപടികൾ പൂർത്തിയാക്കണം എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗരേഖയിൽ നിർദേശിച്ചിരിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കേസുകൾ ഉണ്ടെങ്കിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ പരിശോധന നടക്കുകയുള്ളൂ
സ്ഥാനാർഥികൾ പരിശോധന ആവശ്യപ്പെട്ടുളള അപേക്ഷ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കാണ് നൽകേണ്ടത്. ലഭിക്കുന്ന അപേക്ഷകൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് കൈമാറണം. ഈ അപേക്ഷകൾ തുടർന്ന് ഇവി എം നിർമ്മാതാക്കൾക്ക് കൈമാറും. ഒരു മാസത്തിനുള്ളിൽ ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കണം എന്നാണ് മാർഗരേഖയിൽ ചൂണ്ടിക്കാട്ടുന്നത്.