Crime
പിഎംഎ സലാം അടക്കമുളള നേതാക്കളെ തടഞ്ഞു വെച്ച സംഭവത്തില്‍ കുവൈറ്റ് കെ.എം.സി.സിയിലെ 11 നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം അടക്കമുളള നേതാക്കളെ തടഞ്ഞു വെച്ച സംഭവത്തില്‍ കുവൈറ്റ് കെ.എം.സി.സിയിലെ 11 നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു. കുവൈറ്റ് സിറ്റിയില്‍ നടന്ന യോഗത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് നടപടി. കുവൈറ്റ് കെ.എം.സി.സി ജന. സെക്രട്ടറി ആയിരുന്ന ഷറഫുദ്ദീന്‍ കണ്ണോത്ത് അടക്കമുള്ളവര്‍ക്കെതിരെയാണ് ലീഗ് നേതൃത്വം നടപടി എടുത്തത്. ഗുരുതരമായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
മെയ് 31നായിരുന്നു സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഘടന തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ എത്തിയതായിരുന്നു പി.എം.എ സലാം, അബ്ദുറഹിമാന്‍ രണ്ടത്താണി, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നീ മുതിര്‍ന്ന ലീഗ് നേതാക്കള്‍. യോഗം ആരംഭിച്ചതോടെ കുവൈത്ത് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷറഫൂദ്ധീന്‍ കണ്ണെത്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം കെ.എം.സി.സി.പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു.
പി.എം.എ സലാമിന്റെ ഉദ്ഘാടന പ്രസംഗത്തിനിടയിലായിരുന്നു സംഭവം. ഇതെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ യോഗത്തില്‍ നിന്നും പുറത്തേക്ക് പോകണമെന്ന് പി.എം.എ സലാം അഭ്യര്‍ത്ഥിച്ചെങ്കിലും ഇരച്ചു കയറിയ വിഭാഗം നിരസിക്കുകയും ഹാളില്‍ തുടരുകയും ചെയ്തു. ഇതോടെ തെരഞ്ഞെടുപ്പ് നടത്താനാവാതെ യോഗം നിര്‍ത്തി വയ്ക്കുകയായിരുന്നു.”