KERALA
കനത്ത തോൽവിയിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കനത്ത തോൽവിയിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി കോട്ടകൾ പോലും ഇളകി വലിയ വോട്ട് ചോർച്ച ഉണ്ടായിട്ടും മുഖ്യമന്ത്രി മൗനത്തിൽ തന്നെയാണ്
കേരളത്തിൽ സിറ്റിങ് സീറ്റായ ആലപ്പുഴ കൈവിട്ട എൽഡിഎഫ് ആലത്തൂരിൽ മാത്രമാണ് ആശ്വാസജയം നേടിയത്. കേരളത്തിലെ തോൽവിയെക്കുറിച്ചോ ദേശീയതലത്തിലെ ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റത്തെ കുറിച്ചോ, എൻഡിഎയുടെ ജയത്തെ കുറിച്ചോ മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലും അദ്ദേഹത്തിന്റേതായ സന്ദേശങ്ങളുണ്ടായില്ല.
അതേസമയം, സംസ്ഥാനത്തെ തോൽവി സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയിട്ടുണ്ട്. ശരിയായ പരിശോധന നടത്തി ആവശ്യമായി തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നും ജനവിധി അംഗീകരിക്കുന്നുവെന്നുമായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസമായ ജൂൺ 5ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റ് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലവുമായ് ബന്ധപ്പെട്ട് ഇതുവരെ ഒരു പ്രതികരണവും മുഖ്യമന്ത്രിയുടേതായി വന്നില്ലെന്നത് പാർട്ടി പ്രവർത്തകരിലും ആശങ്കക്ക് ഇടനൽകി.